മുംബൈ: ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘാടകൻ ശ്യാംകാനു മഹന്തയെയും ഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയെയും അസം പോലീസ് അറസ്റ്റ് ചെയ്തു. സിംഗപ്പൂരില്‍ നിന്നും തിരിച്ചെത്തിയ മഹന്തയെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചും സിദ്ധാർത്ഥ ശർമ്മയെ ഗുരുഗ്രാമില്‍ വെച്ചുമാണ് പോലീസ് പിടികൂടിയത്.
നേരത്തെ, സിംഗപ്പൂരില്‍ നടക്കാനിരുന്ന ഫെസ്റ്റിവലിന്റെ സംഘാടകനായ ശ്യാംകനു മഹന്തയുടെ വീടുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. സെപ്റ്റംബർ 19-ന് സിംഗപ്പൂരില്‍ നീന്തുന്നതിനിടെയുണ്ടായ അപകടത്തിലാണ് സുബീൻ ഗാർഗ് മരണപ്പെട്ടത്. ‘ഗ്യാങ്‌സ്റ്റർ’ എന്ന ചിത്രത്തിലെ ‘യാ അലി’ എന്ന ഗാനത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഗായകനാണ് സുബീൻ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളില്‍ സുബീനിന്റേത് മുങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സിംഗപ്പൂരില്‍ ആദ്യ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം അസമില്‍ എത്തിച്ച് രണ്ടാമത്തെ പോസ്റ്റ്മോർട്ടം കൂടി നടത്തിയിരുന്നു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ സുബീൻ ഗാർഗിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫെസ്റ്റിവല്‍ സംഘാടകർ ഉള്‍പ്പെടെ ഗാർഗിനൊപ്പം സിംഗപ്പൂരില്‍ പോയ എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൂർണ്ണമായ ഔദ്യോഗിക ബഹുമതികളോടെയാണ് അസമില്‍ സംസ്കരിച്ചത്.
SUMMARY: Singer Subeen Garg’s death; Manager and festival organizer arrested