പത്തനംതിട്ട: കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസില്‍ എസ്‌ഐടി മൊഴി രേഖപ്പെടുത്തി. പത്തനംതിട്ടയിലെ കൊടുമണിലുള്ള വീണാ ജോർജിന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. എസ്‌ഐടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച മൂന്നര മണിക്കൂറോളം ചെലവഴിച്ചാണ് മൊഴി രേഖപ്പെടുത്തിയത്.
പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു. പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്നതിനുള്ള സൂചനകളൊന്നും വീണാ ജോർജിന്റെ മൊഴിയിലുമില്ലെന്നാണ് അറിയുന്നത്. അടിക്കുന്നത് കണ്ടോയെന്ന ചോദ്യത്തിനും മുൻ മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് സൂചന. വീണാ ജോർജിന്റെ ഗണ്‍മാൻ എം.എസ്. അഭിലാഷിന്റെയും സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് പോലീസുകാരുടെയും മൊഴി എസ്.ഐ.ടി. നേരത്തേ രേഖപ്പെടുത്തിയിരുന്നു.
കെ.എസ്.യു. പ്രവർത്തകർ അടിക്കുന്നത് കണ്ടില്ലെന്നാണ് പോലീസുകാരും മൊഴി നല്‍കിയതെന്നാണ് അറിയുന്നത്. കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെ അഞ്ച് പ്രവർത്തകർക്കെതിരെയാണ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തത്. 15 ദിവസത്തെ റിമാൻഡിന് ശേഷമാണ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്.
SUMMARY: KSU attack case: SIT visits former minister Veena George’s residence to record statement















