തിരുവനന്തപുരം: ജര്മനിയിലെ ബോഹുമില് അപ്പാര്ട്ട്മെന്റ് സമുച്ചയത്തില് ഉണ്ടായ തീപിടിത്തത്തില് കൊല്ലപ്പെട്ട മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടില് എത്തിക്കാനുള്ള നടപടികള് തുടങ്ങി. എല്ലാ ചെലവും നോര്ക്ക റൂട്ട്സ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, നോർക്ക റൂട്ട്സിന് നിർദേശം നൽകി.
മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മരണ സര്ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്സ്, എംബാമിങ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടപടിക്രമങ്ങള് വേഗത്തിലാക്കി മൃതദേഹങ്ങള് നാട്ടിലെത്തിക്കാനാണ് ശ്രമം. ദുരന്തവാര്ത്ത അറിഞ്ഞതുമുതല് പ്രൊട്ടക്ടര് ഓഫ് എമിഗ്രന്സ് (തിരുവനന്തപുരം), കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബെർലിനിലെ ഇന്ത്യൻ എംബസി, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറല് ഓഫിസ്, ജര്മ്മനിയിലുളള മലയാളി സംഘടാനാ പ്രതിനിധികള് എന്നിവരുമായി നോര്ക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്. മലയാളി സംഘടനാ പ്രതിനിധികള് അപകടസ്ഥലവും ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് ഉള്പ്പെടെ സന്ദര്ശിച്ച് ആവശ്യമായ സഹായങ്ങള് ലഭ്യമാക്കുന്നുണ്ട്.
കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ജോയി, കട്ടപ്പന സ്വദേശി നോവ സാബു, എറണാകുളം കാലടി സ്വദേശി സിവിന് ജോണി എന്നിവരാണ് ചൊവ്വാഴ്ച പുലര്ച്ചെ ഉണ്ടായ തീപിടിത്തത്തില് കൊല്ലപ്പെട്ടത്. മൂന്ന് പേരും ജോലിക്കും പഠനത്തിനുമായി മാസങ്ങള്ക്ക് മുന്പ് ജര്മ്മനിയില് എത്തിയവരാണ്. അതേസമയം കെട്ടിടത്തിന് തീയിട്ടതാണെന്ന സംശയത്തില് ജര്മന് പോലീസ് പിടികൂടിയ റുമേനിയന് പൗരന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.
SUMMARY: Steps initiated to repatriate the bodies of Malayalis who died in a fire in Germany; NORKA will cover the expenses.
















