സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരുക്കേറ്റു. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾക്കിടെ ആണ് ആക്രമണം ഉണ്ടായത്. എട്ടു ദിവസം നീണ്ടു നില്ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ത്തു.
അക്രമിയായ 50 വയസുള്ള ആൾ പോലീസിന്റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. 24 വയസുള്ള മകനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്താനിലെ ലാഹോര്‍ സ്വദേശിയായ നവീദ് അക്രമിനെ ആണ് തിരിച്ചറിഞ്ഞത്.
യഹൂദരുടെ എട്ടു ദിവസം നീളുന്ന ഹനൂക്ക ഉത്സവത്തിന്റെ ഒന്നാം ദിനം ആഘോഷിക്കാൻ ബീച്ചിൽ ഒത്തുകൂടിയ ആയിരത്തോളം പേർക്കു നേരേ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.സിഡ്നിയിലെ യഹൂദരെ ലക്ഷ്യമിട്ട ഭീകരാക്രമണമാണു നടന്നതെന്നു ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന പോലീസ് വ്യക്തമാക്കിയിരുന്നു. ബീച്ചിലും സമീപത്തെ പാർക്കിലുമായി ഒത്തുകൂടിയ യഹൂദർക്കു നേർക്ക് പത്തു മിനിറ്റ് വെടിവയ്പ്പുണ്ടായി.
ഭീകരർ സമീപത്തെ നടപ്പാലത്തിൽനിന്നു വെടിയുതിർത്തുവെന്നാണു റിപ്പോർട്ട്. കറുത്ത വസ്ത്രംധരിച്ച രണ്ടുപേർ പാലത്തിൽ നിന്ന് വെടിയുതിർക്കുന്ന വീഡിയോ പുറത്തുവന്നു. വെള്ളവസ്ത്രം ധരിച്ച ഒരാൾ ഇതിലൊരാളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തുന്നതും വീഡിയോയിലുണ്ട്.
അക്രമികളിൽ ഒരാളുടെ വാഹനത്തിൽനിന്നു കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയതായി പോലീസ് അറിയിച്ചു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആക്രമണത്തെ അപലപിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് ബോണ്ടി ബീച്ചിലെത്തി ആല്‍ബനീസ് പുഷ്പാര്‍ച്ചന നടത്തി. ഓസ്ട്രേലിയൻ ജനതയോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുപ്പത് വര്‍ഷത്തിനിടെ ഓസ്ട്രേലിയയില്‍ ഉണ്ടാകുന്ന വലിയ വെടിവയ്്പ്പാണിത്.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള യഹൂദ സമുദായത്തിനു നേർക്കുണ്ടാക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. താരതമ്യേന സുരക്ഷിത രാജ്യമായ ഓസ്ട്രേലിയയിൽ ഇത്തരം വെടിവയ്പു സംഭവങ്ങൾ അപൂർവമാണ്. ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു.
SUMMARY: Sydney terror attack: Death toll rises to 16














