തിരുവനന്തപുരം: പഠിക്കാനും പിന്നീട് ജോലിക്കുമായി തിരുവനന്തപുരത്ത് അലഞ്ഞു നടന്നിരുന്ന കാലത്ത് നിയമസഭയ്ക്കു മുന്നിലെത്താറുണ്ടായിരുന്നെന്നും അന്നു തന്നെ പോലീസ് ഇവിടെ നിന്ന് ഓടിച്ചിട്ടുണ്ടെന്നും നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2025’ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.
‘അന്ന് നിയമസഭയ്ക്കു മുന്നില്‍ നിന്നു ഫോട്ടോയെടുക്കാൻ ശ്രമിക്കുമ്പോൾ ‘ഇവിടെ ഫോട്ടോയെടുക്കാനൊന്നും പറ്റില്ല, പോടാ’ എന്നു പറഞ്ഞ് പോലീസ് ആട്ടിയോടിച്ചിട്ടുണ്ട്. ഇന്ന് അതേ നിയമസഭയില്‍ അതിഥിയായി മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിക്കാൻ അവസരം ലഭിച്ചു. അവിടെ നിന്നു സ്റ്റേറ്റ് കാറില്‍ പോലീസ് അകമ്പടിയോടെ ഓണാഘോഷത്തിന്റെ ഉദ്ഘാടന വേദി വരെ എത്താനും കഴിഞ്ഞു-‘ ബേസില്‍ ജോസഫ് പറഞ്ഞു.
അതേസമയം ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കേരളം പിന്തുടർന്നു വരുന്ന ക്ഷേമ സങ്കല്‍പങ്ങളെ തകർക്കാനും അപഹസിക്കാനുമുള്ള ശ്രമങ്ങള്‍ പലഭാഗങ്ങളില്‍ നിന്നുണ്ടാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാന- പുരോഗമന പ്രസ്ഥാനങ്ങള്‍ വളർത്തിയെടുത്ത പുരോഗമന മൂല്യങ്ങളെ തകർക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പലഘട്ടങ്ങളിലും മലയാളികള്‍ ഒന്നിച്ചു. കഴിഞ്ഞ 9 വർഷമായി സംസ്ഥാന സർക്കാർ ഉയർത്തുന്നത് ഓണം മുന്നോട്ടു വയ്ക്കുന്ന ക്ഷേമ സങ്കല്‍പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ.അനില്‍, നടൻ രവി മോഹൻ (ജയംരവി), നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, മേയർ ആര്യ രാജേന്ദ്രൻ, എ.എ.റഹീം എംപി, എംഎല്‍എമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, ഐ.ബി.സതീഷ്, വി.കെ.പ്രശാന്ത്, വി.ജോയി, ഡി.കെ.മുരളി, ജി.സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
SUMMARY: In the past, when taking photos in front of the Legislative Assembly, the police would chase me away, but today I am there as a guest; Basil Joseph