ബെംഗളൂരു: എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് വിപരീതമായി വടക്കൻ കർണാടകയിൽ മുന്നേറ്റം നടത്തി കോൺഗ്രസ്. സംസ്ഥാനത്ത് ഇത്തവണ രണ്ടക്കം കടക്കാനായില്ലെങ്കിലും, മുൻ വർഷത്തേക്കാൾ മികച്ച പ്രകടനമാണ് കോൺഗ്രസ് ഇത്തവണ കാഴ്ചവെച്ചത്. മുൻ വർഷം ഒരു സീറ്റിൽ ഒതുങ്ങിപ്പോയ പാർട്ടിക്ക് ഇത്തവണ ഒമ്പത് സീറ്റുകൾ നേടാനായി. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് അപ്രസക്തമാകുമെന്നും ബിജെപി വൻ മുന്നേറ്റം നേടുമെന്നും പ്രവചിച്ച എക്സിറ്റ് പോളുകൾക്ക് തിരിച്ചടിയായിരുന്നു ഇത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകം കൂടിയായ കലബുർഗി അടക്കം കോൺഗ്രസ് ഇത്തവണ തിരിച്ചു പിടിച്ചു. കോൺഗ്രസ് നേടിയ ഒമ്പത് സീറ്റുകളിൽ അഞ്ചെണ്ണവും വടക്കൻ കർണാടക മേഖലയിൽ നിന്നുള്ളവയാണ്. ബീദർ, കലബുർഗി, റായ്ച്ചൂർ, കൊപ്പാൾ, ബെല്ലാരി എന്നിവിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വടക്കൻ കർണാടക മേഖല മുഴുവൻ തൂത്തുവാരുകയും കോൺഗ്രസിനെ തുടച്ചുനീക്കുകയും ചെയ്തിരുന്നു. കലബുർഗി ലോക്‌സഭാ സീറ്റിൽ നിന്ന് ബിജെപിയുടെ ഉമേഷ് ജാദവിനോട് പരാജയപ്പെട്ട കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇതിൽ ഉൾപ്പെടുന്നു.
അതെ സമയം 2019 ൽ 25 സീറ്റുകൾ നേടിയിരുന്ന ബിജെപി 17 സീറ്റുകളിലേക്ക് താഴ്ന്നു. കോൺഗ്രസ് ഒമ്പത് സീറ്റ് നേടിയപ്പോഴും കോൺഗ്രസിന്റെ തട്ടകമായിരുന്ന ബെംഗളൂരു റൂറലിൽ പാർട്ടിക്ക് വമ്പൻ തിരിച്ചടി നേടിയിട്ടിരുന്നു. ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷാണ് മണ്ഡലത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത്. പുതുമുഖവും ബിജെപി സ്ഥാനാർഥിയുമായ ഡോ. സി. എൻ. മഞ്ജുനാഥ് ആണ് ഇവിടെ വൻ മാർജിനിൽ ജയിച്ചത്.













