ബെംഗളൂരു: ബെംഗളൂരുവിലെ കുഴികൾ നികത്തുന്നതിനും നഗരത്തിലെ റോഡുകൾക്ക് സ്ഥിരമായ പരിപാലന സംവിധാനം കൊണ്ടുവരുന്നതിനും ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നഗരത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബിബിഎംപി റിപ്പോർട്ടുകൾ പ്രകാരം നഗരത്തിലെ റോഡുകളിൽ 5,500 കുഴികളും ആർട്ടീരിയൽ, സബ് ആർട്ടീരിയൽ റോഡുകളിൽ 557 കുഴികളുമാണുള്ളത്. ഇതിൽ ഏകദേശം 67 മോശം റോഡുകൾ അടിയന്തിരമായി നന്നാക്കേണ്ടതുണ്ട്. ഒരു മാസത്തിനകം കുഴികൾ നികത്താൻ അടിയന്തര നടപടി സ്വീകരിക്കാൻ ബിബിഎംപി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാലവർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ ചില കുഴികൾ നികത്തേണ്ടത് അനിവാര്യമാണ്. ട്രാഫിക് പോലീസിന് പോലും ഇക്കാര്യം ബിബിഎംപിയെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ നഗരത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകൾ വൃത്തിയാക്കാനും നിലവിലുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനും ഉണങ്ങിയ മരങ്ങളും ശാഖകളും വെട്ടിമാറ്റാനും നടപ്പാതയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും നിർദേശം നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.