കൊച്ചി: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം.എസ് സൊല്യൂഷന്‍സ് സിഇഒ എം. ഷുഹൈബിൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ തനിക്ക് പങ്കില്ലെന്നും ഷുഹൈബ് പറഞ്ഞു.
നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നാണ് ഷുഹൈബിൻ്റെ പക്ഷം. അതില്‍ തനിക്ക് പങ്കില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നും ഷുഹൈബ് പറഞ്ഞു. അതേ ചോദ്യങ്ങള്‍ ക്രിസ്മസ് പരീക്ഷക്ക് വന്നത് യാദൃശ്ചികമാണെന്നും ഷുഹൈബ് മൊഴി നല്‍കി. ചോദ്യം ചെയ്യല്‍ പൂർത്തിയായശേഷം ക്രൈം ബ്രാഞ്ച് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കും.
ശനിയാഴ്ചയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം.എസ് സൊല്യൂഷന്‍സ് സിഇഒ എം. ഷുഹൈബ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഷുഹൈബ് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായത്. ഈ മാസം 25ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുന്നതുവരെ ഷുഹൈബിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം.
നിയമനടപടികളുമായി സഹകരിക്കുമെന്ന് ഷുഹൈബ് പറഞ്ഞു. ചോദ്യം ചെയ്തശേഷം കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് ക്രൈംബ്രാഞ്ച് എസ്‍പി മൊയ്തീന്‍കുട്ടി പറഞ്ഞു.ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എംഎസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി നടപടി.
ക്രിസ്മസ് അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്‌എസ്‌എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യ പേപ്പറുകളാണ് ചോര്‍ന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമായത്. എന്നാല്‍ ഈ ചോദ്യ പേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീന്‍കുട്ടിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
TAGS : LATEST NEWS
SUMMARY : Question paper leak: MS Solutions owner Shuhaib denies involvement in the case