ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ ആത്മഹത്യ കുറിപ്പിലെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ബെംഗളൂരുവിലെ വയാലിക്കാവലിലാണ് ഫ്‌ളാറ്റിനുള്ളിൽ 59 കഷണങ്ങളാക്കി ഫ്രിഡ്ജിൽ നിറച്ച നിലയിൽ മഹാലക്ഷ്മിയെന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി 30 കാരനായ മുക്തി രഞ്ജൻ റായിയെ പിന്നീട് സെപ്റ്റംബർ 25 ന് ഒഡീഷയിലെ ഭദ്രക് ജില്ലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തന്നെ കൊല്ലാൻ മഹാലക്ഷ്മി നേരത്തെ പദ്ധതിയിട്ടിരുന്നതായും, സ്വയം പ്രതിരോധത്തിനാണ് യുവതിയെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതിയുടെ ആത്മഹത്യ കുറിപ്പിലുള്ളത്. മൃതദേഹം സ്യൂട്ട്‌കേസിലാക്കി ദൂരെ കൊണ്ടുപോയി കളയാൻ ഉദ്ദേശിച്ചിരുന്നതായും റായി ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും വീട് വൃത്തിയാക്കുകയും ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ മാളിൽ ജോലി ചെയ്തിരുന്ന മഹാലക്ഷ്മിയും റായിയും സുഹൃത്തുക്കളായിരുന്നു.
മഹാലക്ഷ്മി വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. വിവാഹം കഴിക്കാൻ മഹാലക്ഷ്മി റായിയെ സമ്മർദ്ദം ചെലുത്തിയെന്നും ഇത് വഴക്കിന് കാരണമായെന്നും പോലീസ് പറഞ്ഞു. മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം റായ് ഒഡീഷയിലെ തൻ്റെ വീട്ടിലേക്ക് പോയി അമ്മയുടെ മുമ്പാകെ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. മഹാലക്ഷ്മിക്ക് വേണ്ടി താൻ ഒരുപാട് പണം ചിലവഴിച്ചെങ്കിലും പെരുമാറ്റരീതി അത്ര നല്ലതായിരുന്നില്ല എന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
SUMMARY: If I Had Not Killed Her, Chilling Suicide Note Of Man Who Chopped Up Girlfriend’s Body













