ബെംഗളൂരു: സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ നടപടികകള്‍ക്കൊരുങ്ങി കർണാടക സർക്കാർ. ഇത്തരത്തിലുള്ള കമ്പനികളെ നിയന്ത്രിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മൈക്രോഫിനാൻസ് കമ്പനികളുടെ ചൂഷണത്തിനിരയായി ആളുകൾ ജീവനൊടുക്കുന്നതും നാടുവിടുന്നതും പതിവായതോടെയാണ് സർക്കാർ ഇടപ്പെട്ടത്. വിഷയം ചർച്ച ചെയ്യാനായി ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, റവന്യു മന്ത്രി കൃഷ്ണബൈരെ ഗൗഡ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, നിയമമന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
മൈക്രോഫിനാൻസ് കമ്പനികളുടെ പ്രതിനിധികളുടെയും ആർ.ബി.ഐ. ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ ശേഖരിച്ചു. മൈക്രോഫിനാൻസ് കമ്പനികളെയും സ്വകാര്യ പണമിടപാടുകാരെയും നിയന്ത്രിക്കാൻ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതിവരുത്തി പുതിയ നിയമനിർമാണം നടത്തുമെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.
പണം തിരിച്ചുപിടിക്കുമ്പോൾ ആർ.ബി.ഐ.യുടെ മാർഗനിർദേശം പാലിക്കണമെന്ന് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിൽ വീഴ്ചവരുത്തുന്നുണ്ടോയെന്ന് സെൻട്രൽ ബാങ്ക് നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമാനുസൃതമല്ലാതെ ഉയർന്ന പലിശനിരക്ക് ഈടാക്കാൻ പാടില്ലെന്നും നിർദേശിച്ചു. വൈകീട്ട് അഞ്ചിനുശേഷം പണം തിരിച്ചുപിടിക്കാൻ വീടുകളിലെത്താൻ പാടില്ലെന്നും കമ്പനികൾ കിട്ടാക്കടം തിരിച്ചുപിടിക്കാൻ പുറത്തുനിന്ന് ആളുകളെ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇങ്ങനെ ചെയ്യുന്ന പക്ഷം കർശന നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നൽകി.
<br>
TAGS : KARNATAKA | MICROFINANCE COMPANIES
SUMMARY : The Chief Minister will amend the law to regulate private microfinance companies