തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ അധിക വിലക്കുറവ് നല്‍കും. നിലവില്‍ സപ്ലൈകോയില്‍ ലഭിക്കുന്ന വിലക്കുറവിന് പുറമേ ആണിത്. എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തില്‍ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. സബ്‌സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകും.
1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും. ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവിൽ നൽകും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉൽപ്പന്നം നവംബർ ഒന്നു മുതൽ 44 രൂപയ്ക്ക് ലഭിക്കും. വൈകിട്ട് അഞ്ചിന് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉൽപ്പന്നങ്ങൾക്ക് 5% അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
500 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്കാണ് നൽകുക. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേൽ സപ്ലൈകോ വില്പനശാലകളിൽ യുപിഐ മുഖേന പണം അടക്കുകയാണെങ്കിൽ അഞ്ചു രൂപ വിലക്കുറവും നൽകും. സപ്ലൈകോയുടെ 50 വർഷ ആഘോഷങ്ങളുടെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് വിലക്കുറവും ഓഫറുകളും നൽകുന്നത്. നവംബർ ഒന്നു മുതൽ 50 ദിവസത്തേക്കാണ് ഈ പദ്ധതികൾ നടപ്പാക്കുക.
SUMMARY: Supplyco with big offers from tomorrow; 50-day price reduction as part of 50th anniversary celebrations


 
                                    









