Follow the News Bengaluru channel on WhatsApp

ഉമ്മന്‍ ചാണ്ടി എംഎല്‍എ@50 – വിജയ തിളക്കത്തിന്റെ 50 വര്‍ഷങ്ങള്‍

ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍

 

 

പൂര്‍വനേട്ടത്തിന്റെ നെറുകയിലും തിളക്കത്തിലുമാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി ക്കാരുടെ സ്വന്തം ‘കുഞ്ഞൂഞ്ഞ് ‘.കേരളം ജന്മം നല്‍കിയ ശക്തനും ജനകീയനുമായ കോണ്‍ഗ്രസ് നേതാവ്.

1970ല്‍ തുടങ്ങിയ നിയമസഭ ജീവിതത്തിന്റെ അമ്പതാംവാര്‍ഷികം ആഘോഷിക്കുകയാണ് അദ്ദേഹം. തോല്‍വി എന്തെന്നറിയാതെ തുടര്‍ച്ചായി 11 തവണ വിജയിച്ച ഉമ്മന്‍ചാണ്ടി അക്ഷരാര്‍ത്ഥത്തില്‍ ജനകീയ നേതാവ് എന്ന വിശേഷണത്തിന് അര്‍ഹനാണ്.

 

പുതുപ്പള്ളിക്കാരുടെ പ്രിയങ്കരനായ “കുഞ്ഞൂഞ്ഞ്”

1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളിയില്‍ കരോട്ട് വള്ളക്കാവില്‍ കെ.ഒ ചാണ്ടി – ബേബി ചാണ്ടി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ച ഉമ്മന്‍ചാണ്ടി വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. കോട്ടയം സി എം എസ് കോളജ്, ചങ്ങനാശ്ശേരി എസ് ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു കുഞ്ഞൂഞ്ഞിന്റെ വിദ്യാഭ്യാസം. കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവേശം. 1967ല്‍ സംസ്ഥാന പ്രസിഡന്റ് ആയി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും.

ഇരുപത്തിയേഴാം വയസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. ഇടത് സിറ്റിംഗ് എംഎല്‍എ ഇഎം ജോര്‍ജിനെ 7233 വോട്ടിന് പരാജയപ്പെടുത്തിയതോടെ പുതുപ്പള്ളിയിലും കേരള രാഷ്ട്രീയത്തിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 50 വര്‍ഷം തുടര്‍ച്ചയായി പുതുപ്പള്ളിയെ നിയമ സഭയില്‍ പ്രതിനിധികരിച്ചു മറ്റൊരു ചരിത്രം സൃഷ്ടിച്ചു.

2020 സെപ്റ്റംബര്‍ 17ന് കേരള നിയമസഭയിലെ ഒരു എം എല്‍.എയായി 50 വര്‍ഷം തികച്ചിക്കുകയാണ് ഉമ്മന്‍ ചാണ്ടി. ഈ നേട്ടം കൈവരിക്കുന്ന അപൂര്‍വം പേരിലൊരാള്‍ ..!

ജീവിത സവിശേഷതകള്‍ ഒറ്റ നോട്ടത്തില്‍

  • കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് എന്നി സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ് .
  • 1970 മുതല്‍ തുടര്‍ച്ചയായി പതിനൊന്ന് പ്രാവശ്യം കേരള നിയമസഭയില്‍ അംഗമായി.
  • നിയമസഭയിലേക്കുള്ള ആദ്യ മത്സരം നേരിടുന്നത് 1970-ല്‍. മണ്ഡലം പുതുപ്പള്ളി, തോല്‍പ്പിച്ചത് ഇടതുപക്ഷത്തിന്റെ സിറ്റിംഗ് എം ല്‍ എ , എം. ജോര്‍ജിനെ.
  • എംഎല്‍എ ആയ വര്‍ഷങ്ങള്‍ – 1970, 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011 ,2016 .
  • ആദ്യം മന്ത്രിയായത് 1977ല്‍. കെ. കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രി. കരുണാകരന്‍ രാജിവച്ച് എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോഴും ഈ മന്ത്രിസ്ഥാനം തുടര്‍ന്നു. തൊഴില്‍, ആഭ്യന്തര, ധനകാര്യ വകുപ്പുകളും ഭരിച്ചിട്ടുണ്ട്.
  • 1981-1982-ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി.
  • എണ്‍പതുകളില്‍ കൂടുതല്‍ വര്‍ഷവും സംഘടന പ്രവര്‍ത്തങ്ങളിലായിരുന്നു. നാല് വര്‍ഷം യുഡിഎഫ് കണ്‍വീനറായി പ്രവര്‍ത്തിച്ചു.
  • വീണ്ടും മന്ത്രിയാകുന്നത് 1991 -ല്‍. കെ. കരുണാകരന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായി. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസം മൂലം ഈ പദവി പിന്നീട് രാജി വയ്ക്കുകയും ചെയ്തു.
  • കേരളത്തിന്റെ പത്തൊന്‍പതാമത്തെ ,മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത് 2004-ല്‍. എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടിയെയാണ് കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തത്.
  • 2006 മുതല്‍ അഞ്ച് വര്‍ഷം പ്രതിപക്ഷനേതാവിന്റെ കസേരയിലായിരുന്നു ഉമ്മന്‍ ചാണ്ടി.
  • 2011-ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി . അഞ്ച് വര്‍ഷം തുടര്‍ച്ചയായി അധികാരത്തില്‍.
  • 2016 ല്‍ പതിനൊന്നാം ജയം, പക്ഷെ ഉത്തരവാദിത്വങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ എം ല്‍ എ യി തുടരുന്നു.

50 വര്‍ഷം – 11 വിജയങ്ങള്‍ – നാള്‍വഴികളിലൂടെ

1-ാം ജയം (1970 )
1970 സെപ്റ്റംബറില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍. ഉമ്മന്‍ചാണ്ടിയുടെ ആദ്യ മത്സരം പുതുപ്പള്ളിയില്‍ അരങ്ങേറി. മുന്‍പ് രണ്ട് തവണ ജയിച്ച സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എ ഇഎം ജോര്‍ജ് ആയിരുന്നു എതിരാളി. 7,288 വോട്ടുകള്‍ക്ക് വിജയം.

2 -ാം ജയം (1977)
1977 മാര്‍ച്ചിലാണ് നിയമസഭതെരഞ്ഞെടുപ്പ് നടന്നത്. 1975ല്‍ സെപ്റ്റംബറില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ജനതാ പാര്‍ട്ടിയിലെ പിസി ചെറിയാന്‍ ആയിരുന്നു എതിര്‍സ്ഥാനാര്‍ഥി. 15,910 നു വിജയം. മുപ്പത്തി മൂന്നാം വയസ്സില്‍ തൊഴില്‍ വകുപ്പ് മന്ത്രി.

3-ാം ജയം (1980)
1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആന്റണി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്-യു ഉള്‍പ്പെട്ട ഇടതുമുന്നണിയില്‍നിന്ന് മത്സരിച്ച ഉമ്മന്‍ ചാണ്ടി 13,659 വോട്ടിനാണ് ജയിച്ചു . ഇടതുമുന്നണിയോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടിയ ഉമ്മന്‍ ചാണ്ടിക്ക് പകരം പിസി ചാക്കോ, നായനാര്‍ മന്ത്രിസഭയില്‍ സ്ഥാനം കണ്ടെത്തി. ഒരു വര്‍ഷവും 4 മാസവും കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്-യു പിളര്‍ന്നു. അതോടെ നായനാര്‍ മന്ത്രി സഭക്ക് അധികാരം നഷ്ടപ്പെട്ടു.

കോണ്‍ഗ്രസ്-എ 71 പേരുടെ പിന്തുണയുമായി ഇന്ദിരാ കോണ്‍ഗ്രസ് നേതാവുകൂടിയായ കെ കരുണാകരന്റെ നേതൃത്വത്തില്‍ 1981 ഡിസംബര്‍ 28-ന് പുതിയ മന്ത്രിസഭ അധികാരത്തിലേറി. ഉമ്മന്‍ ചാണ്ടി ആഭ്യന്തരമന്ത്രിയായി.

4-ാം ജയം (1982)
1982 ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി 15,983 വോട്ടിന് ജയിച്ചു. സ്വതന്ത്രസ്ഥാനാര്‍ഥി തോമസ് രാജനായിരുന്നു എതിരാളി. എ ഗ്രൂപ്പും കരുണാകരന്റെ ഐ ഗ്രൂപ്പും ഉള്‍പ്പെട്ട യുഡിഎഫ് അന്ന് 77 സീറ്റ് നേടി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുത്തു.

1982 ഡിസംബര്‍ 13-ന് ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്ന മഹാസമ്മേളനത്തില്‍ രണ്ട് കോണ്‍ഗ്രസുകളും ലയിച്ചു. കെകരുണാകരന്‍ നിയമസഭാ കക്ഷിനേതാവും ഉമ്മന്‍ ചാണ്ടി ഉപനേതാവുമായി. അതോടൊപ്പം യുഡിഎഫ് കണ്‍വീനറുമായി..

5-ാം ജയം (1987)
1987ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിച്ച് നായനാര്‍ മുഖ്യമന്ത്രിയായി. ഉമ്മന്‍ ചാണ്ടി സിപിഎമ്മിലെ വിഎന്‍ വാസവനെതിരേ 9,164 വോട്ടിന് ജയിച്ചു.

6-ാം ജയം (1991)
1991ലെ ആറാം ജയം 13,811 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിഎന്‍ വാസവനെതിരെയുള്ള രണ്ടാം ജയം. 1991 ജൂണ്‍ 24-ന് കെ കരുണാകരന്‍ നാലാം തവണ മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടി ധനമന്ത്രിയുമായി.

7-ാം ജയം (1996)
സിപിഎമ്മിലെ റെജി സഖറിയക്കെതിരേ 10,155 വോട്ടിനു ജയിച്ചു. എന്നാല്‍ യുഡിഎഫ് തോറ്റു. ആന്റണി പ്രതിപക്ഷ നേതാവായി. നായനാര്‍ മൂന്നാംതവണ മുഖ്യമന്ത്രിയായി.

എട്ടാം ജയം (2001)
2001 മെയ് മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയില്‍ ലഭിച്ചത് അപ്രതീക്ഷിത എതിരാളി- ചെറിയാന്‍ ഫിലിപ്പ്. ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചെറിയാന്‍ ഫിലിപ്പിനെതിരേ 12,575 വോട്ടിനായിരുന്നു ജയം. 99 എംഎല്‍എമാരുമായി എകെ ആന്റണി മൂന്നാംവട്ടം മുഖ്യമന്ത്രിയായി. ഉമ്മന്‍ ചാണ്ടിക്കു പകരം കെവി തോമസ് മന്ത്രിയായി. ഉമ്മന്‍ ചാണ്ടി വീണ്ടും യുഡിഎഫ് കണ്‍വീനറായി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകള്‍ക്കൊടുവില്‍, കെപിസിസി അധ്യക്ഷനും എംപിയുമായിരുന്ന കെ മുരളീധരന്‍ തത്സ്്ഥാനങ്ങള്‍ രാജിവച്ച് വൈദ്യുതി മന്ത്രിയായി. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ഒഴികെ 19 സീറ്റിലും യുഡിഎഫ് തോറ്റു.

തുടര്‍ന്ന് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എകെ ആന്റണി സ്വയം മുഖ്യ മന്ത്രിപദം രാജിവച്ചു. ഉമ്മന്‍ ചാണ്ടി 2004 ഓഗസ്റ്റ് 31ന് കേരളത്തിന്റെ 19-ാം മുഖ്യമന്ത്രിയായി അധികാരമേറ്റു.

9 -ാം ജയം (2006)
ഉമ്മന്‍ ചാണ്ടിയുടെ ഒന്‍പതാം ജയത്തില്‍ സിപിഎമ്മിലെ സിന്ധു ജോയിയായിരുന്നു മുഖ്യഎതിരാളി. 19,863 വോട്ടിന് ജയിച്ചു. 98 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തിലേറിയപ്പോള്‍ യുഡിഎഫിന് 42 സീറ്റ്. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായി.

10-ാം ജയം (2011)
2011 മേയ് 18ന് ഉമ്മന്‍ ചാണ്ടി രണ്ടാം തവണ മുഖ്യമന്ത്രിയായി. 33,255 എന്ന പടുകൂറ്റന്‍ ഭൂരിപക്ഷം നേടിയാണ് ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തിയത്. സിപിഎമ്മിലെ സുജ സൂസന്‍ ജോര്‍ജിനെയാണ് തോല്പിച്ചത് . കേരളം ശ്വാസമടക്കിനിന്ന വോട്ടെണ്ണലിലൂടെ കഷ്ടിച്ചാണ് കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വന്നത്.
2011 മെയ് 18ന് ഉമ്മന്‍ ചാണ്ടി രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

11-ാം ജയം (2016)
2016ലെ പതിനൊന്നാം ജയം ഉമ്മന്‍ ചാണ്ടി 27,092 വോട്ടിന് ജയിച്ചെങ്കിലും, തന്റെ സര്‍ക്കാരിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി എല്ലാ ഭരണഘടനാപദവികളില്‍നിന്നും മാറിനിന്നു. എസ്എഫ്ഐ നേതാവ് ജെയ്ക്ക് സി തോമസായിരുന്നു എതിരാളി.

ഉമ്മന്‍ ചാണ്ടിയെ വ്യത്യസ്തനാക്കുന്ന നേതൃത്വ ഗുണങ്ങള്‍

1. ക്ഷമയും സഹിഷ്ണുതയുമുള്ള നേതാവ്. മുഖത്ത് നോക്കി വിമര്‍ശിച്ചാലും അതു ക്ഷമയോട് കേട്ട് ചിരിക്കാനുള്ള മനോഭാവം. വിയോജിപ്പുകളോട് അസഹിഷ്ണുത പുലര്‍ത്താറില്ല.

2. തീരുമാനങ്ങള്‍ സമവായത്തിലൂടെ എടുക്കുന്ന നേതൃത്വ ശൈലി. വ്യത്യസ്ത അഭിപ്രായങ്ങള്‍ കേട്ട്, എല്ലാവരെയും വിശ്വാസത്തില്‍ എടുത്തു തീരുമാനിക്കുന്ന രീതി. അതു കാരണം പലപ്പോഴും തീരുമാനങ്ങള്‍ വൈകുമെന്നത് മറുവശം.

3.വളരെ വിശാലമായ കാഴ്ചപാട് പ്രകടിപ്പിക്കുന്ന വ്യക്തിത്വം. ഒരു കാര്യം ചുരുങ്ങിയ വാക്കുകളില്‍ വിശദികരിച്ചാല്‍, ബാക്കിയുള്ളത് പെട്ടന്ന് അനുമാനിക്കാനും ഗ്രഹിക്കുവാനുള്ള കഴിവ് . തീര്‍ച്ചയായും അറുപതുകൊല്ലത്തെ നേതൃത്വ അനുഭവത്തില്‍ നിന്നും ആര്‍ജിച്ചത്.

4. വ്യക്തി ബന്ധങ്ങള്‍ക്ക് വലിയ സ്ഥാനം ജീവിതത്തില്‍ നല്‍കുന്നു. എത്ര തിരക്കിനിടയിലും വ്യക്തി ബന്ധങ്ങളെ കാത്തു സൂക്ഷിക്കണമെന്ന പ്രതിബദ്ധത.

5. ഒരു മള്‍ട്ടി -ടാസ്‌ക് മാനേജ്‌മെന്റ് ശൈലിയുടെ പ്രയോക്താവ്. തുറന്ന സമീപനമുള്ള പ്രവര്‍ത്തന രീതി. സാമാന്യ ബുദ്ധിയും പ്രായോഗിക രാഷ്ട്രീയ ഭരണ സമീപനവും കൊണ്ട് പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നയാള്‍. എത്രയൊക്കെ പ്രകോപിച്ചാലും വളരെ സഭ്യമായ ഭാഷയില്‍ മാന്യമായി പ്രതികരിക്കുന്നയാള്‍ എന്ന് പരക്കെ അംഗീകരിച്ച വസ്തുത.

6. എല്ലാം കാര്യങ്ങളിലും ഒരു പ്രോബ്ലം സോള്‍വിങ് സമീപനമുള്ളയൊരാള്‍. ഒരു പ്രശ്നമുണ്ടെങ്കില്‍ അതിന് വിവിധ ആശയങ്ങള്‍ പലരോടും തേടി പ്രശ്ന പരിഹാരം തേടാന്‍ ശ്രമിക്കുന്ന നേതാവ്.

7.ഭരണ തീരുമാനങ്ങള്‍ എടുക്കുവാന്‍ പ്രാപ്തിയും അനുഭവ പരിചയവുമുള്ള നേതാവ് . അമ്പതു വര്‍ഷത്തെ നിയമ സഭാ സാമാജികത്വവും നിരവധി പ്രാവശ്യം മന്ത്രിയുമായതു കൊണ്ട് സര്‍ക്കാര്‍ സംവിധാങ്ങളിലുള്ള പരിചയ സമ്പത്ത്.

8. അടിമുടി ജനകീയനാണ്. ഗ്രാസ് റൂട്ട് തലത്തില്‍ പ്രവര്‍ത്തിച്ച അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്ന അനുഭവ സമ്പത്തുള്ള രാഷ്ട്രീയ പ്രക്രിയയുടെ ഭാഗം. ജനങ്ങളുടെ ഇടയില്‍ അക്ഷരര്‍ത്ഥത്തില്‍ അഭിരമിക്കുന്ന ഒരാള്‍. ജനങ്ങളില്‍ നിന്നും പഠിക്കുക, ‘ജനങ്ങളാണ് പാഠ പുസ്തകം ‘ എന്ന കാഴ്ച പാട് .

9. നേതൃത്വ ശൈലിയിലെ ഒരു പ്രധാന ഘടകം, എത്ര വിമര്‍ശനം നേരിട്ടാലും അക്ഷോഭ്യനായി നിന്ന് വാക്കുകള്‍കൊണ്ട് തിരിച്ച് അക്രമിക്കാതെ പിടിച്ചു നിന്ന് അതിജീവിക്കുവാനുള്ള കഴിവ് . പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുവാനുള്ളകരുത്ത്.

ഉമ്മന്‍ ചാണ്ടി – വ്യക്തിയും നേതാവും

കോട്ടയം പുതുപ്പള്ളിയിലെ തെരുവോരങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പതിഞ്ഞു തുടങ്ങിയിട്ട് അമ്പതാണ്ട് കഴിഞ്ഞു. അവരുടെ മനസ്സുകളിലെ ചുമരില്‍ പതിപ്പിച്ച പോസ്റ്ററുകളൊന്നും പുതുപ്പള്ളിക്കാര്‍ക്ക് ഇന്നേവരെ ഇളക്കേണ്ടി വന്നിട്ടില്ല. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ ജനങ്ങളുടെ ഹൃദയത്തിന്റെ ചുമരില്‍ ആ പോസ്റ്ററിലെ മഷിപ്പാടുകള്‍ മായാതെ കിടക്കുന്നുണ്ട് .
1970 ല്‍ ഇടതു സ്ഥാനാര്‍ത്ഥി എം.ജോര്‍ജിനെ ഏഴായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി നടന്ന് കയറിയത് നിയമസഭയിലേയ്ക്ക് മാത്രമല്ല, പുതുപ്പള്ളിക്കാരുടെ ഹൃദയത്തിലേയ്ക്ക് കൂടിയാണ് !

ഉമ്മന്‍ ചാണ്ടിയെ കണ്ടാണ് പുതുപ്പള്ളിയിലെ പുതു തലമുറ കെ.എസ്.യു ആയത്. ചുളുങ്ങാന്‍ മടിയില്ലാത്ത ഖദറും, ചീകി വെക്കാത്ത മുടിയും കേരളത്തിലെ കോണ്‍ഗ്രസ് കാരുടെ പൊളിറ്റിക്കല്‍ ഐക്കണ്‍ ആയി മാറി.

എത്ര തിരക്കിലായാലും എല്ലാ ഞായറാഴ്ചകളിലും പുതുപ്പള്ളിയിലെ വീട്ടിലെത്തുന്ന അദ്ദേഹം പള്ളിയിലെ കുര്‍ബാന കഴിഞ്ഞാല്‍ നാട്ടുകാരുടെ പരാതി കേള്‍ക്കുന്നതും പരിഹാരം നിര്‍ദ്ദേശിക്കുന്നതും ഒരു പതിവ് കാഴ്ചയാണ്. ഉമ്മന്‍ ചാണ്ടി കഴിഞ്ഞ 50 വര്‍ഷം തുടര്‍ച്ചയായി വിജയിക്കുന്നതിനു കാരണവും മറ്റൊന്നല്ല, ജനങ്ങളുമായി പുലര്‍ത്തുന്ന നിരന്തര ബന്ധം തന്നെ. യാത്രകള്‍ പോലും ഞായറാഴ്ച പുതുപ്പള്ളിയില്‍ തിരികെ എത്താന്‍ കണക്കാക്കി ആയിട്ടാണ് പ്ലാന്‍ ചെയ്യാറ്. കാരണം ഓരോ ഞായറാഴ്ചയും അദ്ദേഹത്തെ കാണുന്നതിന് നൂറുകണക്കിനാളുകള്‍ പുതുപ്പള്ളിയിലെ വീട്ടിലേക്കെത്തുന്നത്.

ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന കാന്തിക ശക്തി

ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ് വളരുന്നത് ജനങ്ങളിലൂടെയായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ പ്രധാന ആസ്തി ജനപിന്തുണയാണ്. അരനൂറ്റാണ്ടിനിപ്പുറവും അതിനൊരു ഇളക്കം തട്ടിയിട്ടില്ലെന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വരുന്നൊരാളല്ല അദ്ദേഹം, രാഷ്ട്രീയത്തില്‍ എത്തിയശേഷം ജനങ്ങളല്ലാതെ ഗോഡ്ഫാദര്‍മാരും വേറെയുണ്ടായിട്ടില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ അല്ലാതെ ഉമ്മന്‍ ചാണ്ടിയെന്ന നേതാവിനെ കാണാന്‍ കഴിയില്ല. സ്വകാര്യത ആഗ്രഹിക്കാത്തവരുണ്ടാകില്ല, കുടുംബത്തിനുവേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കാന്‍ തയ്യാറാകാത്തവര്‍ ഇന്നത്തെ രാഷ്ട്രീയത്തില്‍ വളരെ വിരളം .മുടി ചീകാത്ത, ഭക്ഷണം കഴിക്കാത്ത, ഉറങ്ങാത്ത നേതാവ് എന്ന് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പറയും. വാസ്തവമാണത്. പ്രവര്‍ത്തകര്‍ ചുറ്റും വട്ടം കൂടുമ്പോള്‍ അദ്ദേഹം ഭക്ഷണം ഉപേക്ഷിക്കുന്നത്, വിശ്രമം ഒഴിവാക്കുന്നത്, ഉറക്കം നഷ്ടപ്പെടുത്തുന്നത് ഒക്കെ കാണാം.

ഉമ്മന്‍ ചാണ്ടി, കെ എം മാണി, ഗൗരിയമ്മ- ഒരു താരതമ്യം

കേരളത്തില്‍ ഒരു മണ്ഡലത്തെ വ്യക്ത്യധിഷ്ഠിതമാക്കി തീര്‍ത്തു അര നൂറ്റാണ്ടോളം തുടര്‍ച്ചയായി ജന പ്രതിനിധിയാകാനും പ്രതിനിധികരിക്കുന്നതിനും ഭാഗ്യം ലഭിച്ച ചുരുക്കം ചില നേതാക്കളാണ്, കെ എം മാണി ( 1933 – 2019 ) ഉമ്മന്‍ ചാണ്ടി, ഗൗരിയമ്മ എന്നിവര്‍.

തെരഞ്ഞെടുപ്പ് വിജയങ്ങളിലും നിയമസഭ കാലയളവിലും ഉമ്മന്‍ ചാണ്ടിയെക്കാള്‍ മുന്നിലാണ് മാണിയെങ്കിലും, സ്വന്തം മണ്ഡലങ്ങളിലുള്ള സ്വാധീനത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പിന്നിലാണ് മാണിയെന്ന് വേണമെങ്കില്‍ പറയാം. ഇരുവരുടെയും ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചിലുകളിലൂടെ അത് വ്യക്തവുമാണ് . പുതുപ്പള്ളിയെ ഉമ്മന്‍ ചാണ്ടി സ്വന്തമാക്കി എന്നു പറയുന്നതിനേക്കാള്‍, പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിയെ സ്വന്തമാക്കി എന്നു പറയുന്നത് കൂടുതല്‍ അനുയോജ്യമാകുന്നതും സ്വന്തം മണ്ഡലവുമായി പുലര്‍ത്തുന്ന ആത്മബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.

മണ്ഡലത്തെ മൊത്തത്തില്‍ പരിപോഷിപ്പിക്കുന്നതിനപ്പുറം അവിടെയുള്ള ഓരോ വ്യക്തികളോടും ബന്ധം പുലര്‍ത്തുകയും അവരുടെ കൂടെ എന്നും എന്തിനും ഉണ്ടാകുമെന്ന വിശ്വാസം സ്ഥാപിച്ചെടുക്കുകയും ചെയ്തു എന്നതാണ് കെ എം മാണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പ്രത്യേകത. അക്കാര്യത്തില്‍ ഒരു പക്ഷെ മാണിയെക്കാള്‍ വിജയിച്ചിട്ടുമുണ്ട് ഉമ്മന്‍ ചാണ്ടി.

എന്നാല്‍ ഇരുവരെയും അപേക്ഷിച്ചു കൂടുതല്‍ പരിചയ സമ്പത്തു ഗൗരിയമ്മക്കാണ്.
പഴയ തിരുവിതാംകൂര്‍, തിരു കൊച്ചി , കേരളം എന്നി മൂന്നു നിയമ സഭകളിലേക്കും അവര്‍ മത്സരിച്ചിരുന്നു. 17 തവണ മൂന്നു മണ്ഡലങ്ങളിലായി മല്‍സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. 1952, 54 തിരഞ്ഞെടുപ്പുകളില്‍ തിരുക്കൊച്ചി നിയമസഭയിലും 1957, 60, 65,67, 70,80, 82, 87, 91, 96, 2001 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്കുമായിരുന്നു വിജയിച്ചത്. 1948, 77, 2006, 2011 വര്‍ഷങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. 1965 ല്‍ നിയമസഭ കൂടാത്തത് കൊണ്ട് ഗൗരിയമ്മ എം.എല്‍.എയായി 50 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന് പൂര്‍ണമായി പറയാനാവില്ല.

പ്രധാനമായും മൂന്നു പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് അവര്‍ പൊതുരംഗത്തു പ്രശോഭിച്ചത്.

1. 1950 കളില്‍ കേരളീയ വനിതകള്‍ പൊതു രംഗത്ത് സജീവമാകുന്നത് വിരളം. പൊതു പ്രവര്‍ത്തന മേഖലയിലെ പുരുഷ മേധാവിത്വ പ്രവണതകളെ അതി ജീവിച്ചുകൊണ്ടും സ്വന്തം കഴിവുകളെ ശരിയായി ഉപയോഗിച്ചും തെളിയിച്ചും അവര്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ കൃത്യമായ ഒരിടം സൃഷ്ഠിച്ചെടുത്തു.

2. ജാതി ചിന്തകളും വേര്‍തിരിവും അയിത്തവും കൊടികുത്തി വാണിരുന്ന കാലത്തു, ജാതിയതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു കൊണ്ടാണ് ഗൗരിയമ്മ പൊതുമണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചത്.

3. 1940 കളില്‍ കടുത്ത എതിര്‍പ്പുകളും പ്രതിസന്ധികളെയും നേരിട്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ് ഗൗരിയമ്മ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതും ജന പ്രതിനിധിയാകുന്നതും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്ന 1948 ലാണ് അവര്‍ ആദ്യമായി തെരെഞ്ഞെടുപ്പില്‍ മത്സരിച്ചത്.

കരുണാനിധിയും ഗണപത്‌റാവു ദേശ്മുഖും

രാജ്യത്തെ ഏറ്റവും കൂടുതല്‍ നാള്‍ എംഎല്‍എ യായിരുന്നതില്‍ ഒന്നാമനാണ് തമിഴ് നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച എം. കരുണാനിധി(1924 – 2018 ). 56 വര്‍ഷക്കാലം കരുണാനിധി തമിഴ്‌നാട് നിയമസഭയില്‍ എം.എല്‍എയായിരുന്നു. 1957 ല്‍ കുളിത്തലയില്‍ നിന്നായിരുന്നു ആദ്യ ജയം. മരണം വരെ എം.എല്‍.എയായി പ്രവര്‍ത്തിച്ചു. 1984 ല്‍ ഒഴികെ 1957 – 2016 കാലത്ത് നടന്ന 13 തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച് വിജയിച്ചു. 1984 ല്‍ മല്‍സര രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഏഴ് മണ്ഡലങ്ങളില്‍ നിന്നായിരുന്നു കരുണാനിധിയുടെ 13 ജയങ്ങള്‍.

ഉമ്മന്‍ചാണ്ടിയെ പോലെ ഒരേ മണ്ഡലത്തില്‍ നിന്ന് 11 തവണ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് മഹാരാഷ്ട്രയിലെ ഗണപത് റാവു ദേശ്മുഖ്. പെസന്റ്‌സ് ആന്‍ഡ് വര്‍ക്കഴ്‌സ് പാര്‍ട്ടി നേതാവായിരുന്ന ദേശ്മുഖ് മഹാരാഷ്ട്ര നിയമസഭയില്‍ 47 വര്‍ഷം അംഗമായിരുന്നു. 1962 മുതല്‍ സാംഗോള്‍ മണ്ഡലത്തില്‍ നിന്ന് 11 തവണ വിജയിച്ച ദേശ്മുഖ് രണ്ടു തവണ പരാജയപ്പെട്ടു. രണ്ടുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. 2019ല്‍ അനാരോഗ്യം മൂലം മല്‍സരരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു.

വലിയ വിജയങ്ങള്‍ക്കിടയിലെ ചില പരാജയങ്ങള്‍
അന്‍പതില്‍ പരം വര്‍ഷങ്ങള്‍ നീണ്ട വിജയകരമായ പൊതു ജീവിതത്തില്‍ കയ്പേറിയ പല കടുത്ത പരീക്ഷണങ്ങളും ഉമ്മന്‍ ചാണ്ടിക്കു നേരിടേണ്ടി വന്നിട്ടുണ്ട് .

കോണ്‍ഗ്രസ് രാഷ്ട്രത്തിലെ കരുത്തനായ കെ . കരുണാകരനുമായുള്ള സംഘടനക്ക് അകത്തു നിന്നുമുള്ള ഏറ്റുമുട്ടല്‍, പാമോയില്‍ കേസിന്റെ തുടര്‍ അന്വേഷണം, ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി മന്ത്രി സ്ഥാനത്തു നിന്നുള്ള രാജി, 2011 – 2016 കാലത്ത് മുഖ്യമന്തിയായിരിക്കുമ്പോള്‍ ഉയര്‍ന്ന ബാര്‍ കോഴ കേസിനെത്തുടര്‍ന്നു കെ.എം മാണിയുടെ രാജി , ടൈറ്റാനിയം കേസ്, പാമോയില്‍ കേസ്, പാറ്റൂര്‍ ഭൂമി കേസ് സോളാര്‍ കേസ് എന്നിവയില്‍ ഉമ്മന്‍ ചാണ്ടിയിലെ നേതാവിന്റെ മാറ്റു പരിശോധിക്കപ്പെട്ടു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ അഴിമതിക്കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കും എംപിമാരും ഉദ്യോഗസ്ഥരുമടക്കമുള്ള പ്രമുഖര്‍ക്കെതിതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു.
ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെ നിയോഗിച്ച ജസ്റ്റീസ് ജി ശിവരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി . മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 12 മണിക്കൂര്‍ കമ്മീഷന്റെ മുന്നിലിരുന്നു വിചാരണ നേരിടുന്നത് ജനം കണ്ടു .

സോളാര്‍ കേസില്‍ ഉയര്‍ന്ന അഴിമതിയും ലൈംഗിക ആരോപണങ്ങളും സര്‍ക്കാരിന്റെ ശോഭ കെടുത്തിയെന്നു മാത്രമല്ല വ്യക്തിപരമായി ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവിന്റെ വിശ്വാസ്യതക്കും വലിയ കേടുപാട് വരുത്തി.

ഉമ്മന്‍ ചാണ്ടി, അഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വൈദ്യതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവര്‍ക്കും ബെന്നി ബഹ്നാന്‍ അടക്കമുള്ള എംഎല്‍എമാര്‍, എംപിമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയടക്കം പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങി ഉമ്മന്‍ ചാണ്ടിയൊപ്പം നിന്ന നിരവധി പേര് സോളാര്‍ കേസില്‍ ആരോപണവിധേയരായി.

മുന്‍ മുഖ്യമന്ത്രി കരുണാകരന്‍ , മുന്‍ മന്ത്രി ടി.ച്. മുസ്തഫ എന്നിവര്‍ ഉള്‍പ്പെട്ട പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് 2011 ഓഗസ്റ്റ് 9ന് ഇദ്ദേഹം വിജിലന്‍സ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറേണ്ടി വന്നു.

കേരള രാഷ്ട്രീയ ഭൂപടത്തില്‍ ഇടം നേടിയ വ്യക്തിത്വം

‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ്’ എന്ന സിനിമയിലെ നായകന്‍ ഉമ്മന്‍ ചാണ്ടി എന്ന പേര് പരാമര്‍ശിച്ചു ചോദിക്കുന്നതുപോലെ, മറ്റ് ആര്‍ക്കെങ്കിലും ഈ പേര് ഉണ്ടാകാമെങ്കിലും മലയാളികളെ സംബന്ധിച്ചിടത്തോളം അതിന്റെ നേരവകാശി ഒരേയൊരാളാണ്. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, 50 വര്‍ഷമായി പുതുപ്പള്ളി എന്ന ഏക നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ഉമ്മന്‍ചാണ്ടി മാത്രം.

‘അതിവേഗം ബഹുദൂരം ‘ എന്ന ശൈലി കേരളീയര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു,
ഭരണ നിര്‍വഹണത്തില്‍ തന്റേതായ ഒരു പാത വെട്ടി മുന്നേറാന്‍ ഉമ്മന്‍ ചാണ്ടിക്കു കഴിഞ്ഞു .

കേരള നിയമസഭയില്‍ അംഗമായി 50 വര്‍ഷം തികയ്ക്കുന്ന ഉമ്മന്‍ ചാണ്ടി, ചെറിയൊരു ഇടവേളക്കു ശേഷം കേരള രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അദ്ദേഹത്തിന്റെ അനുയായികളാവട്ടെ , 50 വര്‍ഷം നിയമ സഭയില്‍ പൂര്‍ത്തീകരിച്ചത് വലിയ പ്രചാരണമാക്കി,ജന ശ്രദ്ധ നേടി തിരിച്ചു വരവിനുള്ള വഴിയൊരുക്കല്‍ ഫലപ്രദമായി നടത്തുന്നു.

മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി എത്തിയതും ഉമ്മന്‍ ചാണ്ടിക്ക് ഏറെ അനുകൂലമാണ്. ഈ രണ്ടു പേരുടെ നീക്കങ്ങള്‍ കോണ്‍ഗ്രെസ് സംഘടനക്ക് അകത്തു ചലങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത ഏറെയാണ് .

പ്രായോഗിക രാഷ്ട്രീയ കരു നീക്കങ്ങളില്‍ ആഗ്ര ഗണ്യനായിയിട്ടാണ് ഉമ്മന്‍ ചാണ്ടി അറിയപ്പെടുന്നത്. വരുന്ന നിയമ സഭ തെരെഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെ ഇടപെടല്‍ നിര്‍ണയകമാകും.

മഹാരഥന്മാര്‍ തേരോട്ടം നടത്തിയ കേരള രാഷ്ട്രീയ ഭൂപടത്തില്‍ ഉമ്മന്‍ ചാണ്ടി എന്ന നേതാവും ഭരണ കര്‍ത്താവും നിര്‍ണായകമായ സ്ഥാനം നേടി കഴിഞ്ഞു. പുതു തലമുറയിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിധേയമാക്കാന്‍ കഴിയുന്ന പലതും അദ്ദേഹം ഈ 50 വര്‍ഷങ്ങള്‍ കൊണ്ട് കാണിച്ചു തന്നു. കേരള ചരിത്ര ഗതി വിഗതികളെ സ്വാധിനിച്ച വ്യക്തിത്വമായി മലയാളി മനസ്സുകളില്‍ അദ്ദേഹം നില നില്‍ക്കും.

ജോമോന്‍ സ്റ്റീഫന്‍ I jomonks2004@gmail.com

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.