Follow the News Bengaluru channel on WhatsApp

മൂന്ന് കവിതകൾ

കേരളസമാജം ദൂരവാണി നഗര്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കവിതാരചന മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കവിതകള്‍

കശ്മീര്‍

രമ പ്രസന്ന പിഷാരടി

കാശ്മീര്‍!
അതെന്നായിരുന്നു? നിനക്കോര്‍മ്മ കാണും!
ഹിമാദ്രിയില്‍ നമ്മള്‍ നടന്നതും,
ദാല്‍ തടാകത്തില്‍ നാമൊന്നിച്ച് പോയതും
കാറ്റോ *വിതസ്തയെ കാണിച്ചു തന്നതും!
രാത്രി തന്‍ മഞ്ഞും നിലാവും നുകര്‍ന്നു-നാമോർക്കിഡിൻ താഴ്വരക്കാറ്റേറ്റിരുന്നതും,

തൊട്ടാല്‍ തണുക്കുന്ന സന്ധ്യയില്‍ നിന്നന്ന്
ഹൃത്തിലേയ്ക്കാരോ ഗസല്‍ പാടി വന്നതും,
കൊട്ടിത്തിമിര്‍ക്കുന്ന വാദ്യത്തിലേതിലോ-
നക്ഷത്രമെല്ലാമുടഞ്ഞങ്ങ് വീണതും,
ചില്ലകള്‍ താഴ്ത്തിച്ചിരിക്കും നിലാവിന്റെ-
പല്ലക്ക് വന്നതും, പല്ലക്കിലേറി നാം
മെല്ലച്ചിരിച്ചാര്‍ത്ത് സ്വര്‍ഗ്ഗം തിരഞ്ഞതും,
മേഘത്തിലൊന്നിലായ് മിന്നല്‍ പടര്‍ന്നതും-
യാമത്തിലുന്മത്തഭാവം പടര്‍ന്നതും,
ഗന്ധര്‍വ്വകിന്നരം പാടാന്‍ മറന്നതും,
സംഗീതമെല്ലാം നിലച്ചങ്ങ് പോയതും
ഗന്ധകപ്പൂക്കള്‍ വിടര്‍ന്നതും, ആ തീക്ഷ്ണ-
ഗന്ധത്തിലോരോ കിനാവും മരിച്ചതും…
പ്രാണന്റെ സന്തൂര്‍ നിലച്ചതും രാവിന്റെ-
നീലശൈലങ്ങള്‍ നിലം പൊത്തിവീണതും,
തീയും, പുകക്കാറ്റുമേറ്റ് നമ്മള്‍ നിന്ന-
ഭൂമി രണ്ടായിപ്പിളര്‍ന്നങ്ങ് പോയതും…

കാശ്മീര്‍! അതേ നമ്മളെന്തേയിതേ പോലെ-
യാത്രയും ചൊല്ലിപ്പിരിഞ്ഞങ്ങ് പോയത്?
കണ്ടാല്‍ ചിരിക്കാനുമാകാതെ നമ്മുടെ-
സന്ധികള്‍ രണ്ടായൊടിഞ്ഞങ്ങ് പോയതും,
ലോകമേല്‍ക്കൂരയില്‍ വന്നിരുന്നാളുകള്‍-
ഓരോ പ്രതീക്ഷിയിൽ കൈയൊപ്പിടുന്നതും
കാലസാക്ഷ്യത്തിന്റെ കൈയൊപ്പിനും മീതേ
പോര്‍വിമാനങ്ങള്‍ പറന്നുപോകുന്നതും..
ജാലകക്കാഴ്ച്ചയില്‍ തീക്കാറ്റിലൂടെയാ-
ജീവന്റെ പക്ഷികള്‍ യാത്രയാകുന്നതും,
മൗനത്തില്‍ നിന്നും പ്രകമ്പനം കൊള്ളുന്ന-
മണ്ണില്‍ നീ മഞ്ഞായുറഞ്ഞങ്ങ് പോയതും

കാശ്മീര്‍, അതേ നിനക്കോര്‍മ്മയുണ്ടാകുമോ?-
യാത്രയില്‍ ചുംബിച്ച നിന്റെയാ മണ്ണിനെ,
നീര്‍ത്തടാകങ്ങളെ പ്രാണനില്‍ നിന്നങ്ങ്-
ചോര്‍ത്തിക്കളഞ്ഞതാം വാക്കിന്റെ പൂക്കളെ,
മഞ്ഞിന്റെ നോവുന്ന സൂര്യസ്പര്‍ശങ്ങളെ,
കണ്ണില്‍ തുളുമ്പി വീഴും തടാകങ്ങളെ!

കാശ്മീര്‍! എനിക്കും നിനക്കുമുണ്ടോര്‍മ്മകള്‍-
കോര്‍ത്തെടുക്കാനായ് നിലാവിന്റെ ചില്ലയില്‍!
ഓരോ കിനാവിലും വന്നിടാറുണ്ട് നീ-
ട്യൂലിപ്പുകള്‍ ചോന്ന് പൂവിടാറുണ്ടതില്‍!
കുങ്കുമപ്പൂ തേടി നമ്മള്‍ നടന്നൊരാ-
സന്ധ്യാവഴിപ്പാതയിന്നുമുണ്ടുള്ളിലായ്
മഞ്ഞിനാലാകെ തണുത്തു പോയെങ്കിലും-
കണ്ണിലെ കാഴ്ച്ചകള്‍ കണ്ണുനീരെങ്കിലും,
ഓരോ സ്മൃതിക്കുള്ളിലും പണ്ട് നീ തന്ന-
സ്‌നേഹവും പൂക്കളും, സംഗീത തന്ത്രിയും.

കാശ്മീര്‍, നമുക്കൊന്ന് കാണുവാനായിതാ-
ചേര്‍ത്തു വയ്ക്കുന്നു ഞാനീഭൂപടത്തിനെ!
കൈയില്‍ ഒലിവിന്റെ ചില്ലകള്‍, നമ്മളെ-
കണ്ടു പോകുന്നുവോ സൂര്യനും, ഭൂമിയും!

🔵

*വേദത്തില്‍ ഝലം നദി ‘വിതസ്ത’ എന്നാണ് അറിയപ്പെട്ടിരുന്നത്

 

 

മകള്‍ക്ക്

ശാന്താമേനോന്‍

ഭൂമിയും ആകാശവും
വഴിപിരിയുന്ന തുരുത്തില്‍
നീയൊരു മുറി പണിയണം.
കരുത്താര്‍ന്ന മനസ്സുകൊണ്ട്
വാതായനം ദൃഢമാക്കണം.
തീക്ഷ്ണമായ നയനങ്ങളും
ചടുലമായ ചലനങ്ങളും
സഹചാരികളാകട്ടെ.
മുള്ളുകള്‍ തൂത്തെറിയാന്‍
മൃദുലമായ പാദങ്ങള്‍ മതി.
ജാലകക്കാഴ്ചകള്‍ തെളിയുമ്പോള്‍
ശൂന്യതയുടെ മൈതാനത്ത്
വര്‍ണ്ണങ്ങള്‍ കൊണ്ട്
മതിലുയര്‍ത്തണം.

സൂഷ്മമായ കരുതലിന്റെ
സ്‌നേഹകവചം, പാരിതോഷികമായി,
മകളെ നിനക്കായ് ഞാന്‍
കാത്തുവക്കുന്നു.
നടന്നുപോകുക നിര്‍ഭയയായി.

🔵

കുത്തിവരകള്‍

ഇന്ദിര ബാലന്‍

ചില കുത്തിവരകള്‍
കണ്ണെടുക്കാതെ
നോക്കിയിരിക്കുമ്പോള്‍
കാണാം, കണ്‍കെട്ട് വിദ്യ പോലെ
ഒരു സുന്ദരനോ
സുന്ദരിയോ ആകുന്നത്.
അനായാസമായിട്ട
കോറലുകള്‍ എത്ര ഭംഗിയുള്ള
മുടിയായി
നീണ്ടു ചുരുണ്ടു പരിണമിയ്ക്കുന്നു
കരിവണ്ടുകളെപ്പോലെ….
മുഖമോ ചന്ദ്രബിംബസമാനമാം
കണ്ണുകള്‍ മീനിനെ പോലെ
നീല ജലാശയത്തില്‍
തുടിച്ചാര്‍ക്കുന്നത് കാണാം.
എള്ളിന്‍ പൂ പോലുള്ള മൂക്കും,
തെച്ചിപ്പഴം പോലുള്ള ചുണ്ടുകളും,
മുല്ലമൊട്ടു പോലുള്ള പല്ലുകളും,
വെണ്‍ശംഖൊത്ത കഴുത്തും.
കാല്‍പ്പനിക ചാരുതയോടെ
കടഞ്ഞെടുത്ത പ്രയോഗങ്ങള്‍ക്ക്
ശ്രവണ സുഖമേറെ …..
ജീവിത പരിക്കുകളില്‍
ക്ഷണനേരത്തിലത്
വൃദ്ധനോ വൃദ്ധയോ ആവാം.
സൗന്ദര്യ ലക്ഷണങ്ങളെത്ര വേഗം
ജരാനരകളിലേക്കെത്തുന്നു.
അശാന്ത ജീവിതത്തിന്റെ
കുത്തിവരകളായി
നെറ്റിയിലെ നീണ്ടു
കിടക്കുന്ന വരകള്‍
എഴുന്നു നില്‍ക്കുന്ന
കവിളെല്ലുകള്‍
പരല്‍മീന്‍ തിളക്കം
വറ്റിയ കണ്ണുകള്‍….
ബാല്യവും ,കൗമാരവും, യൗവ്വനവും,
വാര്‍ദ്ധക്യവും കുത്തിവരകളിലൂടെ
കയറിയും, ഇറങ്ങിയും, മറിഞ്ഞും, മുറിഞ്ഞും ….
ജീവിതപര്‍വ്വത്തിന്റെ
നിഗൂഢഅറകളിലേയ്ക്ക്
സാകൂതം നോക്കിയാല്‍ കാണാം
സൗന്ദര്യം സമം വൈരൂപ്യം
പകല്‍ സമം രാത്രി ….!
പരസ്പര വൈരുധ്യം
പരസ്പര പൂരകമാകുന്നു.
ദ്വൈതമെന്നൊന്നില്ലെന്നറിവു.
ദ്രുതഗതിയിലുള്ള ആ കൈവിരല്‍
ചലനത്തിലുണ്ട്
ഒരു ജീവിതത്തിന്റെ
ആദിമധ്യാന്തങ്ങള്‍!

🔵


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.