ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു നൽകിയ മഹത്തായ ജീവിത മൂല്യങ്ങളാണ് കേരളീയ സമൂഹത്തിന് മുന്നോട്ട് നടക്കാൻ പ്രചോദനമായതെന്നും, ഈ മൂല്യങ്ങൾ അട്ടിമറിച്ച് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനാണ് സനാതന ധർമ്മത്തിന്റെ വക്താക്കൾ ശ്രമിക്കുന്നതെന്നും പുസ്തക രചയിതാവും, സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി ജയരാജൻ പറഞ്ഞു. ബെംഗളൂരു പുകസയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തക പരിചയ പരിപാടിയിൽ “സനാതന ധർമ്മത്തിന്റെ ഹിന്ദുത്വ വഴികൾ” എന്ന പുസ്തകം എഴുതാനുണ്ടായ കാരണങ്ങളെക്കുറിച്ചും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയ സമൂഹം നല്ല സ്വീകാര്യതയാണ് പുസ്തകത്തിന് നൽകി വരുന്നത്. പത്താമത്തെ പതിപ്പ് പുറത്തിറങ്ങി എന്നത് പുസ്തകത്തിന്റെ പ്രസക്തിയുടെ സൂചന കൂടിയാണ്.
തൊട്ടു കൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ എന്നതായിരുന്നു നൂറു കൊല്ലം മുമ്പുള്ള അവസ്ഥ. ഇതായിരുന്നു സനാതനധർമ്മം സൃഷ്ടിച്ച മൂല്യ വ്യവസ്ഥ.
അയിത്തജാതിക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശനം നൽകാതിരുന്നതും ഈ സനാതന ധർമ്മ വ്യവസ്ഥ അനുസരിച്ചായിരുന്നു. ഇതിന് നേരിട്ട് സാക്ഷ്യം വഹിച്ച ശ്രീ നാരായണ ഗുരു പുഴയിൽ നിന്ന് ഒരു കല്ലെടുത്ത് പ്രതിഷ്ഠ നടത്തുകയും “ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്ന് അവിടെ എഴുതി വെക്കുക കൂടി ചെയ്തു. അയിത്ത ജാതിക്കാരന് ആരു തന്നു പ്രതിഷ്ഠിക്കാനുള്ള അവകാശം എന്ന് സനാതനക്കാർ ചോദ്യമുയർത്തിയപ്പോൾ ഇത് നമ്മുടെ ശിവനാണ് എന്നായിരുന്നു ഗുരുവിന്റെ ഉത്തരം. ഇത് മാത്രമല്ല “പലമത സാരവുമേകം” എന്ന് കൂടി ഗുരു പഠിപ്പിച്ചു.
ഇങ്ങനെയുള്ള ജാതിക്കതീതമായ സാമൂഹിക ബോധവും മഹത്തായ നവോത്ഥന മൂല്യങ്ങളും കേരളീയ ജീവിതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയത് കൊണ്ടാണ്, മഹാത്മാ ഗാന്ധിയുടെ ഗുജറാത്തിൽ പോലും സ്വാധീനം ഉറപ്പിക്കാൻ കഴിഞ്ഞ ബി ജെ പി ക്ക് 1940 മുതൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടും കേരളത്തിൽ കാലുറപ്പിക്കാൻ കഴിയാതിരുന്നത്.
അത് മറികടക്കാനാണ് ശ്രീ നാരായണ ഗുരുവിനെ കൂടി സനാതനക്കാർ ഇപ്പോൾ തങ്ങളുടെ ഗണത്തിൽ പെടുത്തി കൊണ്ടു നടക്കുന്നത്. ഇപ്പോൾ കേരളത്തിൽ ദൃശ്യമാകുന്ന പിൻനടത്തത്തിനെതിരെ അതീവ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമാണ് ഈ പുസ്തകം.
വാക്കാൽ ആവശ്യപ്പെടുന്നവർക്ക് വോട്ടവകാശം നൽകണം എന്നായിരുന്നു ഡോ.അംബേദ്കർ ഭരണഘടന നിർമ്മാണ സഭയിൽ ഉയർത്തിയ ആവശ്യം. എന്നാൽ ഇപ്പോൾ വോട്ടർമാരെ ആസൂത്രിതമായി നീക്കം ചെയ്തിരിക്കയാണ്. ഇതിനകം പതിനെട്ടു കോടി പൗരന്മാരെ വോട്ടർ പട്ടികയിൽ നീന്ന് നീക്കം ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. ജപ്പാനിലെ ആകെ ജനസംഖ്യയിലും കൂടുതലാണിത്. ജനാധിപത്യ ജീവിതം തകർക്കപ്പെടുകയാണ്.ഇതിനെതിരെയാണ് ജന്തർമന്ദിറിലും നാട്ടിലുടനീളവും ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം.
ഡോ. അംബേദ്കർ അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിവില്ലാത്തവനോ, കപടനോ, ഭരണകൂട പാദസേവകനോ ആയ ആൾ തെരഞ്ഞെടുപ്പ് കമ്മിഷണർ ആയി വന്നാൽ ജനാധിപത്യം അപകടത്തിലാവും എന്നായിരുന്നു അംബേദ്കറുടെ മുന്നറിയിപ്പ്. ഇപ്പോഴത്തെ ഗ്യാനേഷ് കുമാറിനെക്കുറിച്ച് അന്നേ പ്രവചനശേഷിയോടെ അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനാധിപത്യത്തിന്റെ ഹരിശ്രീ തുടങ്ങുന്നത് വോട്ടർമാരിൽ നിന്നാണ്. ജനാധിപത്യ സംഘടനയുടെ ഹരിശ്രീയും അംഗത്വത്തിൽ നിന്നാണ് തുടങ്ങുന്നത്. ആർക്കും മെമ്പർഷിപ്പില്ലാത്ത സംഘടനയായ ആർ എസ് എസ് ആണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി യെ നിയന്ത്രിക്കുന്നത്. ബി ജെ പി സനാതന ധർമ്മത്തെക്കുറിച്ച് പറയുന്നത് ഭരണഘടന തകർത്ത് കീഴാള വിരുദ്ധ സംസ്ക്കാരം പുനസ്ഥാപിക്കാനാണ്. ബാംഗ്ലൂർ പു ക സാ പ്രസിഡന്റ് വല്ലപ്പുഴ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി കുഞ്ഞപ്പൻ സ്വാഗതം പറഞ്ഞു. പ്രശസ്ത ചിന്തകനും വാഗ്മിയും കേളുവേട്ടൻ ഗവേഷണ പഠനകേന്ദ്രത്തിന്റെ ഡയറക്ടറുമായ കെ ടി കുഞ്ഞി കണ്ണൻ, ബെംഗളൂരു പുരോഗമന കലാ സാഹിത്യ സംഘം മുൻ പ്രസിഡന്റ് സുരേഷ് കോടൂർ പുസ്തകത്തെ അവലോകനം ചെയ്തു സംസാരിച്ചു.
വി ജെ കെ നായർ, ആർ വി ആചാരി എന്നിവരും ചർച്ചയിൽ പങ്കുചേർന്നു. ഉപാധ്യക്ഷൻ എ പി നാണു, ജോയിന്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. പ്രവർത്തകസമിതി അംഗങ്ങളായ പൊന്നമ്മ ദാസ്, പി ഗീത, രതി സുരേഷ് എന്നിവർ അതിഥികൾക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ട്രഷറർ പി പി പ്രദീപ് നന്ദി പറഞ്ഞു.
SUMMARY: Book review and discussion organized pukasa Bengaluru.
















