സൗദി: നാട്ടില് നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ മലയാളി നഴ്സ് സൗദി പോലീസിന്റെ കസ്റ്റഡിയില്. വയനാട് സുല്ത്താൻ ബത്തേരിക്കടുത്ത് നീലഗരി ജില്ല പരിധിയിലെ അയ്യന്കൊല്ലി ആനന്ദ് നിവാസ് രവി-ശെല്വി ദമ്പതികളുടെ മകള് ഫിലോമിന(32)യാണ് പോലീസ് പിടിയിലായത്. സൗദിയില് നിരോധനമുള്ള മരുന്നുകള് ലഗേജില് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് എന്നാണ് വിവരം.
മൂന്ന് വര്ഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയില് നഴ്സായ ഫിലോമിന, വാര്ഷികാവധി കഴിഞ്ഞ് ഈ മാസം 10നാണ് ബെംഗളൂരുവില് നിന്നുള്ള വിമാനത്തില് ജിദ്ദയിലേക്ക് യാത്രതിരിച്ചത്. ജിദ്ദയില് നിന്നും കണക്ഷൻ ഫ്ളൈറ്റ് വഴിയാണ് റിയാദിലേക്ക് എത്തേണ്ടിയിരുന്നത്. ജിദ്ദയില് വിമാനമിറങ്ങി രാത്രി എട്ടരയോടെ ഇവർ പിതാവ് രവിക്കും ഭര്ത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തില് ജിദ്ദ വിമാനത്താവളത്തില് ഉദ്യോഗസ്ഥര് തടഞ്ഞു വെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയതായും ഫോണ് ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു.
ഇതിനു ശേഷം ഫിലോമിനയെക്കുറിച്ച് വിവരങ്ങളൊന്നും കുടുംബത്തിന് ലഭിച്ചിരുന്നില്ല. റിയാദിലെ ആശുപത്രി അധികൃതരുമായും സഹ പ്രവര്ത്തകരുമായും ബന്ധപ്പെട്ടെങ്കിലും അവിടെ ഫിലോമിന എത്തിയിട്ടില്ലെന്നാണ് അവർ അറിയിച്ചത്. തുടർന്ന് ആശങ്കയിലായ ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് ഫിലോമിന പോലീസ് കസ്റ്റഡിയിലാണെന്ന വിവരം ലഭിച്ചത്.
SUMMARY: Malayali nurse in police custody in Saudi Arabia for possessing banned drugs
















