ഡല്‍ഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് തന്നെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഇടംപിടിച്ചിരുന്നതായി ഡല്‍ഹി പോലീസ് പ്രത്യേക കോടതിയെ അറിയിച്ചു. 1983 ഏപ്രില്‍ 30-നാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നും, എന്നാല്‍ 1980-ലെയും 1983-ലെയും വോട്ടർ പട്ടികകളില്‍ അവരുടെ പേര് ഉള്‍പ്പെട്ടിരുന്നതായും പോലീസ് സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
റൗസ് അവന്യൂ കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുൻപാകെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിനോദ് ജോഷി ഇക്കാര്യം അറിയിച്ചത്. വികാസ് ത്രിപാഠി എന്നയാള്‍ നല്കിയ പരാതിയിലാണ് കോടതി നടപടി. പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർ പട്ടികയില്‍ പേര് ചേർത്തതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ജില്ലാ മജിസ്ട്രേറ്റും ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.
നാല്‍പ്പതാം നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർ നവംബർ 25-ന് നല്കിയ മറുപടിയിലും 1980, 1983 വർഷങ്ങളിലെ വോട്ടർ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേരുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കോടതിയെ ബോധിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഫോറിനേഴ്സ് ഡിവിഷനില്‍ നിന്നുള്ള പൗരത്വ സർട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ പ്രകാരം 1983 ഏപ്രില്‍ 30-നാണ് അവർക്ക് പൗരത്വം അനുവദിച്ചത്.
അതേസമയം, വിഷയത്തില്‍ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ പോലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ റെക്കോർഡ് റൂം ചുമതലയുള്ള ഉദ്യോഗസ്ഥന് രണ്ട് തവണ നോട്ടീസ് അയച്ചിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ബാക്കിയുള്ള രേഖകള്‍ കൂടി പരിശോധിച്ച ശേഷം മാത്രമേ കേസില്‍ കുറ്റകൃത്യം നിലനില്‍ക്കുമോ എന്ന് തീരുമാനിക്കാൻ കഴിയൂ എന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.
SUMMARY: Sonia Gandhi’s name was on the electoral roll even before she obtained Indian citizenship, says Delhi Police
















