ന്യൂഡല്ഹി: കോക്രോച്ച് ജനത പാര്ട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുമ്പ് നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. തിരംഗ യാത്രയ്ക്കെത്തിയ സിജെപി നേതാവ് അഭിജിത് ദീപ്കെയെ പോലിസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഐസ നേതാവ് നേഹ ബോറയെയും പോലിസ് ബലമായി കസ്റ്റഡിയിലെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചിന് മുന്നോടിയായാണ് പോലീസ് നടപടി.
കൊണാട്ട് പ്ലേസിലെ സെൻട്രല് പാർക്കിലേക്കും ജന്തർ മന്ദറിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാൻ നീക്കമുണ്ടായിരുന്ന സാഹചര്യത്തില് മേഖലയില് കനത്ത പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് വിലക്ക് മറികടന്ന് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് സിജെപിയുടെ നിലപാട്. പ്രതിഷേധത്തില് ആം ആദ്മി പാർട്ടി (എഎപി) പ്രവർത്തകരും ഇടത് സംഘടനകളും പങ്കുചേർന്നിട്ടുണ്ട്. ദേശീയപതാകയേന്തിയാണ് സിജെപി പ്രവർത്തകർ മാർച്ചിനെത്തിയത്.
നേഹ ബോറയുള്പ്പെടെ വിവിധ സംഘടനകളുടെ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. പ്രതിഷേധം ശക്തമായതോടെ കൊണാട്ട് പ്ലേസില് സംഘർഷാവസ്ഥ നിലനില്ക്കുകയാണ്. പോലീസ് നടപടിയുടെയും കസ്റ്റഡിയിലെടുത്ത നേതാക്കളുടെയും തുടർനടപടികള് സംബന്ധിച്ച കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല.
SUMMARY: Tiranga March: AISA leader Neha Bora also taken into custody, following Abhijit Deepke
















