വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘യുദ്ധം അവസാനിപ്പിക്കാൻ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കൈമാറും. നിർദേശം ഹമാസ് കൂടെ അംഗീകരിക്കുന്നതോടെ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും’- ട്രംപ് കുറിച്ചു.
60 ദിവസം നീണ്ടു നിൽക്കുന്ന വെടിനിർത്തലിനിടെ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമായില്ലെങ്കിൽ ഹമാസ് കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തലിന് ഖത്തർ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥരുമായും നിർദേശങ്ങൾ പങ്കുവയ്ക്കുമെന്നും ഹമാസ് നേതൃത്വത്തെ മധ്യസ്ഥർ ഇക്കാര്യം അറിയിക്കണമെന്നും ട്രംപ് പറഞ്ഞു.
Donald J. Trump Truth Social 07.01.25 06:25 PM EST pic.twitter.com/SL1UuSooyP
— Commentary Donald J. Trump Posts From Truth Social (@TrumpDailyPosts) July 1, 2025
ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ വരും ദിവസങ്ങളിൽ ബന്ദികളെ വിട്ടയച്ചുള്ള വെടിനിർത്തൽ കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഗാസയിൽ കുട്ടികളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ കഫേയിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ ബോംബിട്ടതിനെ തുടർന്ന് 39 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. സഹായ വിതരണകേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയ ഒരു ഡസനിലധികം പേരെ വെടിവച്ചുകൊന്നു. ചൊവ്വാഴ്‌ച ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 95 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ ചർച്ചകൾ ഇസ്രയേൽ അട്ടിമറിക്കുന്നുവെന്ന് ഹമാസ് നേതാക്കൾ പ്രതികരിച്ചു.
SUMMARY: Trump says Israel has agreed to a 60-day ceasefire in Gaza