തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
ഇന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെയും എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പുണ്ട്. നാളെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കി. ചൊവ്വാഴ്ച വരെ മഴ തുടരും.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
അതിതീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കാസറഗോഡ് ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധിയായിരിക്കും.
കണ്ണൂര്‍ ജില്ലയില്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി. കോഴിക്കോട് ജില്ലയുടെ വടക്കന്‍ മേഖലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വടകര താലൂക്കിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
SUMMARY: Heavy rains in Kerala today; Red alert in 5 districts: Holiday for educational institutions in three districts