മോസ്കോ: റഷ്യയിൽ ഭൂചലന പരമ്പര. ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങളാണ് റഷ്യയിൽ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. റഷ്യയുടെ കിഴക്കൻ മേഖലകളിലാണ് ഭൂചലനമുണ്ടായത്. പ്രദേശത്ത് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. അല്യൂട്ട്‌സ്‌കി ജില്ലയിൽ 60 സെന്റീമീറ്റർ വരെ ഉയരുന്ന തിരമാലകൾ എത്താൻ സാധ്യതയുണ്ടെന്ന് പ്രാദേശിക അടിയന്തര സേവനങ്ങളെ ഉദ്ധരിച്ച് റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്‌സ്‌കി നഗരത്തിന് 144 കിലോമീറ്റർ കിഴക്കായി 20 കിലോമീറ്റർ ആഴത്തിലായിരുന്നു വലിയ ഭൂകമ്പമുണ്ടായത്. ഈ ഭുകമ്പത്തിന് നിമിഷങ്ങൾക്ക് മുമ്പാണ് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഞായറാഴ്ച പുലർച്ചെ കാംചത്ക തീരത്ത് 6.5 തീവ്രതയിൽ കൂടുതൽ രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങൾ ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. 6.6, 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് പുലർച്ചെ റിപ്പോർട്ട് ചെയ്തത്. രണ്ട് ഭൂചലനങ്ങളുടെയും പ്രഭവ കേന്ദ്രം 10 കിലോമീറ്റർ ആഴത്തിലായിരുന്നു.
ഭൂചലനങ്ങളിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് 180,000 ജനങ്ങളാണ് പ്രദേശത്തുള്ളത്.
SUMMARY: Series of earthquakes in Russia; 7.4 magnitude on the Richter scale