ദുബൈ: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു.
ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്‌സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്ത് വരികയും ചെയ്തു. ശനിയാഴ്ചയാണ് അതുല്യയെ ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതുല്യയുടെ മരണം കൊലപാതകമാണെന്ന് കാട്ടി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഇന്ന് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്. അതുല്യയുടെ ഭര്‍ത്താവ് സതീശിനെതിരെ ചവറ തെക്കുംഭാഗം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ വിവരങ്ങളും മുന്‍പുണ്ടായ ഗാര്‍ഹിക പീഡന കേസിന്റെ വിവരങ്ങളും കുടുംബം കോണ്‍സുലേറ്റിന് കൈമാറും.
SUMMARY: Atulhya’s mysterious death: Husband Satish dismissed from job