കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോയി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. റൂമിന്റെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. നവാസിനെ ഹോട്ടല്‍ ജീവനക്കാരും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് എത്തിയതായിരുന്നു നവാസ്. ഇന്നലെ ഷൂട്ടിങ് അവസാനിച്ച് വീട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു.
നവാസിന്റെ വിയോഗ വാർത്തയറിഞ്ഞ് മിമിക്രി കലാകാരന്മാരടക്കം ഓടിയെത്തി. കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, കെ.എസ്. പ്രസാദ്, അൻവർ സാദത്ത് എം.എൽ.എ എന്നിവർ ആശുപത്രിയിലെത്തി. കൈലാഷ്, മണികണ്ഠൻ ആചാരി, പി.പി. കുഞ്ഞികൃഷ്ണൻ, അസീസ്, നടിമാരായ സരയു, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു തുടങ്ങിയവരും ആശുപത്രിയിലെത്തി. നവാസിന്‍റെ കുടുംബാംഗങ്ങളും സ്ഥലത്തെത്തി. നവാസിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് നടനും മിമിക്രി താരവുമായ കെ.എസ്. പ്രസാദ് പറഞ്ഞു.
പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനില്‍ ചേര്‍ന്നതോടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. നാട്ടിലും വിദേശത്തും സ്റ്റേജ് ഷോകളിലൂടെ പേരെടുത്ത നവാസ് സഹോദരന്‍ നിയാസ് ബക്കറിനൊപ്പം കൊച്ചിന്‍ ആര്‍ട്‌സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. നിയാസ് ബക്കറും നിസാമുദ്ദീനുമാണ് സഹോദരങ്ങള്‍. നിയാസ് ബക്കര്‍ സിനിമാ, സീരിയല്‍ രംഗത്ത് സജീവമാണ്. നടി രഹനാ നവാസാണ് ഭാര്യ. അടുത്തിടെ പുറത്തിറങ്ങിയ ഇഴ എന്ന ചിത്രത്തിൽ ഭാര്യ രഹ്നയോടൊപ്പം ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.
SUMMARY: The film world is shocked by the sudden demise of Kalabhavan Navas; The funeral will be held at 4 pm.