ന്യൂയോർക്ക്: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതാണ് പിഴ ചുമത്താൻ കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തിൽ വരുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് ട്രംപ് അധിക തീരുവയുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചത്. ട്രംപിന്റെ തീരുവ ചുമത്താനുള്ള നടപടി ഇന്ത്യ അമേരിക്ക ബന്ധത്തിൽ കാര്യമായ ഉലച്ചിലുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്.
കഴിഞ്ഞ മാസം 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്‍റെ ആദ്യ പ്രഖ്യാപനമുണ്ടായത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെപേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുക്രൈനിലെ കൂട്ടക്കൊല നിര്‍ത്താന്‍ എല്ലാവരുമാവശ്യപ്പെടുന്ന സാഹചര്യത്തില്‍പ്പോലും റഷ്യയില്‍നിന്ന് ഇന്ത്യ കൂടുതല്‍ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
SUMMARY: Trump takes tough action against India; increases tariffs to 50 percent