ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ബെംഗളൂരുവിൽ നിന്ന് ബെളഗാവിയിലേക്കും അമൃത്സറിൽ നിന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിലേക്കും നാഗ്പൂരിൽ നിന്ന് പൂനെിലേക്കുമുള്ള ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ആണ് മോദി നിര്‍വഹിച്ചത്. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 150 ആയി. കര്‍ണാടകയില്‍ മാത്രം 11 വന്ദേഭാരതുകളാണ് സര്‍വീസ് നടത്തുന്നത്.
ബെളഗാവി-ബെംഗളൂരു-ബെലഗാവി വന്ദേ ഭാരത് എക്സ്പ്രസ് മോദി നേരിട്ട് ഫ്ലാഗ് ഓഫ് ചെയ്തു, മറ്റ് രണ്ട് ട്രെയിനുകൾക്ക് വെർച്വലായാണ് നിര്‍വഹിച്ചത്. ബെളഗാവി-ബെംഗളൂരു-ബെളഗാവി വന്ദേ ഭാരത് എക്സ്പ്രസ് (20752/20751) പതിവ് സർവീസ് നാളെയാണ് ആരംഭിക്കുക. രാവിലെ 5.20 ന് ബെളഗാവിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തും. മടക്കയാത്രയിൽ, ഉച്ചയ്ക്ക് 2.20 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10.40 ന് ബെളഗാവിയിൽ എത്തും.
SUMMARY: 3 Vande Bharat trains, including one to Belagavi, flagged off













