മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സംശയം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
ഈ മാസം നാലിനാണ് ഷമീര്‍ നാട്ടിലെത്തിയത്. ഇയാള്‍ക്ക് വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങളുമുണ്ട്. അതു സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെ പാണ്ടിക്കാട് ടൗണില്‍ ഇന്നോവയില്‍ എത്തിയ സംഘം നാട്ടുകാര്‍ കാണ്‍കെ ഷമീറിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
മലപ്പുറം എസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പ്രത്യേക അന്വഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഷമീറിന് ഭീഷണിയുണ്ടായിരുന്നതായി അറിയില്ലെന്നാണ് കുടുംബം പറയുന്നത്.
SUMMARY: Expatriate businessman kidnapped in Malappuram; Police launch investigation