ജറുസലേം: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്. മുന്നോട്ട് വച്ച വെടിനിർത്തൽ നിർദേശത്തിൽ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കഴിഞ്ഞ 22 മാസത്തിലേറെയായി മേഖലയില്‍ തുടരുന്ന യുദ്ധത്തിന് വിരാമമായേക്കുമെന്നാണ് സൂചന. വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഈജിപ്തിലെത്തി. ഹമാസ് പ്രതിനിധി സംഘവും ഈജിപ്തിലെത്തിയിട്ടുണ്ട്.
രണ്ടുമാസത്തെ വെടിനിർത്തലും 10 ഇസ്രയേലി ബന്ദികളെ രണ്ട് ബാച്ചായി മോചിപ്പിക്കുന്നതുമാണ് നിർദേശത്തിലുള്ളത് എന്നാണ് റിപ്പോർട്ട്. തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാന്‍ ഹമാസ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കീഴടങ്ങുന്നതിനുപകരം ആയുധങ്ങൾ ഉപേക്ഷിക്കാനും രാജ്യാന്തര മേൽനോട്ടത്തിൽ ആയുധങ്ങൾ സൂക്ഷിക്കാനും യുഎൻ മേൽനോട്ടത്തിൽ ഗാസയിൽ ഒരു അറബ് സേനയെ വിന്യസിക്കാനും ഹമാസ് സമ്മതം അറിയിച്ചിട്ടുണ്ട്.
അതേസമയം ഇക്കാര്യത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഹമാസ് ആയുധങ്ങള്‍വെച്ച് കീഴടങ്ങണമെന്നായിരുന്നു ഇസ്രയേലിന്റെ ആവശ്യം. ഇസ്രയേല്‍ പ്രതിരോധ സേനയുടെ കണക്കനുസരിച്ച്, 2023 ഒക്ടോബറിലെ ആക്രമണത്തില്‍ പിടിക്കപ്പെട്ട 251 ബന്ദികളില്‍ 49 പേര്‍ ഇപ്പോഴും ഗാസയിലാണ്, അതില്‍ 27 പേര്‍ മരിച്ചതായാണ് സൈന്യം പറയുന്നത്.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേർക്ക് ഹമാസ് നടത്തിയ ആക്രമണമാണ് യുദ്ധത്തിന് വഴിവെച്ചത്. അന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,219 പേര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 62,004-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
SUMMARY: New Ceasefire Agreement in Gaza; Agreement accepted by Hamas; The 22-month-long war may be over