തിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ. സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും. 5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമ കിറ്റുകളുമടക്കം 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുക. കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും.
ഓണക്കാ കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്കും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. സെപ്‌തംബർ നാലുവരെ ജില്ലകളിൽ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണസംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ നടത്തുക. 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയില്‍ ലഭിക്കും. പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെയാണ് വിലക്കുറവ്.
ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും. ഒരു ദിവസം 75 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ ലഭിക്കുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പണും നൽകും. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണവും ക്രമീകരിച്ചിരിക്കുന്നത്.
SUMMARY: Onakkit distribution starts today; Consumerfed Onam markets will also begin