ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ദേശീയ പാതയില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സോന്‍പ്രയാഗിനും ഗൗരികുണ്ഡിനും ഇടയിലുള്ള മുന്‍കതിയയ്ക്ക് സമീപം ഇന്ന് രാവിലെ 7.34നാണ് സംഭവം. മുന്‍കതിയയിലെ കുന്നിന്‍ ചെരുവില്‍ നിന്ന് പാറകളും കല്ലുകളും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ റോഡിലൂടെ കടന്നുപോയ ഒരു വാഹനത്തിന്റെ മുകളില്‍ പതിക്കുകയായിരുന്നു.
സംഭവത്തെതുടര്‍ന്ന് രണ്ട് യാത്രക്കാര്‍ മരിച്ചുവെന്നും വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറുയാത്രക്കാര്‍ക്ക് പരുക്കേറ്റുവെന്നും രുദ്രപ്രയാഗ് ജില്ല ദുരന്തനിവാരണ ഓഫീസര്‍ നന്ദന്‍ സിംഗ് രാജ്വാര്‍ അറിയിച്ചു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഉത്തരകാശി ജില്ലയിലെ ബാര്‍കോട്ട് സ്വദേശികളായ റീത്ത (30), ചന്ദ്ര സിംഗ് (68) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പരുക്കേറ്റവരെ സോന്‍പ്രയാഗിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ഉന്നത മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. ഉത്തരകാശി ജില്ലയിലെ താമസക്കാരായ മോഹിത് ചൗഹാന്‍, നവീന്‍ സിംഗ് റാവത്ത്, പ്രതിഭ, മമത, രാജേശ്വരി, പങ്കജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഉത്തരാഖണ്ഡിലെ അതിശക്തമായ മഴയിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച തെഹ്‌രി, പിത്തോറഗഡ് ജില്ലകളിലുണ്ടായ മഴയുമായി ബന്ധപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മരിച്ചു.
SUMMARY: Landslide on Kedarnath National Highway; Two killed