ആലപ്പുഴ: പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ലീക്കായി മത്സ്യബന്ധന വള്ളത്തിന് തീപിടിച്ചു. സംഭവത്തില്‍ വള്ളത്തിലെ ഉപകരണങ്ങള്‍ കത്തി നശിച്ചു. കായംകുളം ഹാർബല്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ആറാട്ടുപുഴ കള്ളിക്കാട് രാജുവിന്റെ ഉടമസ്ഥതയിലുള്ള ഭാഗ്യ നക്ഷത്രം ലൈലന്റ് വള്ളത്തിനാണ് തീപിടിച്ചത്. ഹാർബറിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു അപകടം.
തൊഴിലാളികള്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറും സ്റ്റൗവും തമ്മില്‍ ഘടിപ്പിക്കുന്ന പൈപ്പിലാണ് തീ പിടിച്ചത്. കാറ്റുള്ളതിനാല്‍ പെട്ടെന്ന് തന്നെ ആളി പടർന്നു. സ്രാങ്കിന്‍റെ കാബിന് ഉള്ളിലേക്കും തീ പടർന്നതോടെ തൊഴിലാളികള്‍ പരിഭ്രാന്തരായി. വെള്ളം പമ്പ് ചെയ്തെങ്കിലും തീ അണക്കാൻ കഴിഞ്ഞില്ല. വള്ളത്തില്‍ ഉണ്ടായിരുന്ന ഓയിലുകള്‍ക്കും തീ പിടിച്ചതോടെ കത്തലിന്റെ വ്യാപ്തി കൂടി.
അന്തരീക്ഷത്തില്‍ കറുത്ത പുക നിറഞ്ഞു. 45 തൊഴിലാളികളാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. തീപിടുത്തത്തില്‍ വയർലെസ് സെറ്റ്, ജി.പി.എസ് സംവിധാനം, എക്കോ സൗണ്ടർ, കാമറ തുടങ്ങിയ ഉപകരണങ്ങള്‍ കത്തി നശിച്ചു. വള്ളത്തിനും വലയ്ക്കും കേടു പറ്റി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
SUMMARY: Boat catches fire while fishing; equipment destroyed