കൊച്ചി: ശബരിമല ശ്രീകോവില്‍ വാതിലിന്റെ ഇരുഭാഗങ്ങളിലുമുള്ള ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അനുമതിയില്ലാതെ ഇളക്കിയെടുത്തത് ശരിയായില്ലെന്ന് ഹൈക്കോടതി. ഇത് ചെയ്യും മുമ്പ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ അനുമതി തേടേണ്ടിയിരുന്നു. ഇക്കാര്യത്തില്‍, സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍മേല്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമലയില്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ക്ക് മുമ്പ് ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങണമെന്ന് നേരത്തേ നിര്‍ദേശിച്ചതാണ്. ഇത് ലംഘിച്ചാണ് സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഇക്കാര്യം ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ജസ്റ്റിസ് ആര്‍. ജയകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടിന്‍മേല്‍ ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികള്‍ നന്നാക്കാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കോടതി അനുമതിയില്ലാതെ സ്വര്‍ണ്ണപാളി ഇളക്കിയെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വര്‍ണ്ണപ്പണികള്‍ നടത്താന്‍ പാടുള്ളുവെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്കാണ് കൊണ്ടുപോയത്. ഈ നടപടിയില്‍ വീഴ്ചയില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നത്. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് യാന്ത്രികമാണ്. വിഷയത്തില്‍ തന്ത്രിയുടെ അഭിപ്രായം തേടിയിരുന്നു.
ശബരിമലയിലെ ആഭരണങ്ങളുടെ അധികാരിയായ തിരുവാഭരണ കമ്മീഷണറുടെ അനുമതിയോടെയാണ് നടപടി. ദേവസ്വം പോലീസ് മഹസര്‍ തയ്യാറാക്കിയ ശേഷമാണ് ഇത് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. തങ്ങള്‍ക്കിടയിലെ ചിലരാണ് അനാവശ്യ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
SUMMARY: High Court strongly criticizes the Devaswom Board