ഡൽഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ഹൈക്കോടതിയുടെ മൂന്നിടങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്. ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കോടതി സമുച്ചയത്തില്‍ നിന്ന് അഭിഭാഷകരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. സുരക്ഷയുടെ ഭാഗമായി കോടതി നടപടികള്‍ മാറ്റിവെച്ചിട്ടുണ്ട്.
ബോംബ് സ്ക്വാഡും സുരക്ഷാസേനയും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി. സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ബോംബ് ഭീഷണിക്ക് പിന്നാലെ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്.
അതേസമയം ബോംബെ ഹൈക്കോടതിയിലും സമാന ഭീഷണി സന്ദേശം ലഭിച്ചു. ബോംബ് ഭീഷണിയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സൗത്ത് മുംബൈയിലെ ഫോർട്ട് പ്രദേശത്തുള്ള ബോംബെ ഹൈക്കോടതി പരിസരം ഒഴിപ്പിച്ചു. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ ഉള്‍പ്പെടെയുള്ള ജഡ്ജിമാർ പെട്ടെന്ന് കോടതിമുറിയില്‍ നിന്ന് പുറത്തിറങ്ങിയതോടെ ബോംബെ ഹൈക്കോടതിയിലെ നടപടികള്‍ സ്തംഭിച്ചു.
SUMMARY: Bomb threat to Delhi High Court


 
                                    









