ന്യൂഡല്‍ഹി: രാജ്യത്തെ 26 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റി(ക്ലാറ്റ്)ന് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബർ 31നു രാത്രി 11.59 വരെ അപേക്ഷിക്കാം. https://consortiumofnlus.ac.in/clat-2026 അപേക്ഷാഫീ 4000 രൂപ. പട്ടിക, ഭിന്നശേഷി, ബിപിഎൽ വിഭാഗക്കാർക്ക് 3500 രൂപ. ബാങ്ക്ചാർജ് പുറമേ. മുൻ ചോദ്യക്കടലാസുകൾ 500 രൂപയ്ക്കു കിട്ടും.
ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ഭോപാൽ, ജോധ്‌പുർ, റായ്പുർ, ഗാന്ധിനഗർ, ജിഎൻഎൽയു സിൽവസ കാമ്പസ്, ലഖ്‌നൗ, പഞ്ചാബ്, പട്‌ന, കൊച്ചി, കട്ടക് (ഒഡിഷ), റാഞ്ചി, ഗുവാഹാട്ടി (അസം), വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗാബാദ്, ഷിംല, ജബൽപുർ, സോണെപട്ട് (ഹരിയാണ), ത്രിപുര, പ്രയാഗ് രാജ്, ഗോവ എന്നിവിടങ്ങളിലാണ് സർവകലാശാലകൾ ഉള്ളത്.
◼️ ബിരുദ കോഴ്‌സുകൾ: ബിരുദതലത്തിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് ഓണേഴ്‌സ് പ്രോഗ്രാമുകളാണുള്ളത്. ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്) എല്ലാ സർവകലാശാലകളിലുമുണ്ട്. മറ്റ് കോഴ്‌സുകളുള്ള സർവകലാശാലകൾ: ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്): ജോധ്‌പുർ, ഗാന്ധിനഗർ, പട്‌ന, കട്ടക്, നാഗ്പുർ, ഔറംഗാബാദ്, ഷിംല, ഗോവ ബി.എസ്.സി എൽ.എൽ.ബി: ഗാന്ധിനഗർ; കൊൽക്കത്ത (ക്രിമിനോളജി ആൻഡ് ഫൊറൻസിക് സയൻസ്), ഭോപാൽ (സൈബർ സെക്യൂരിറ്റി) ബി.കോം എൽ.എൽ.ബി: ഗാന്ധിനഗർ, തിരുച്ചിറപ്പള്ളി ബി.എസ്.ഡബ്ല്യു എൽ.എൽ.ബി: ഗാന്ധിനഗർ.
◼️ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ: ഒരുവർഷം ദൈർഘ്യമുള്ള എൽഎൽഎം എല്ലാ സർവകലാശാലകളിലുമുണ്ട്. സർവകലാശാല അനുസരിച്ച് സ്പെഷ്യലൈസേഷനുകളിൽ വ്യത്യാസമുണ്ടാകും. സ്പെഷ്യലൈസേഷനുകളിൽ ചിലത്: ക്രിമിനൽ ലോ, കൊമേഴ്‌സ്യൽ ലോസ്, ലോ ആൻഡ് ടെക്‌നോളജി, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ്, ഇന്റർനാഷണൽ ട്രേഡ് ആൻഡ് ബിസിനസ് ലോസ്, പബ്ലിക് ലോ ആൻഡ് ലീഗൽ തിയറി, കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ലോ, പബ്ലിക് ഹെൽത്ത് ലോ, പഴ്‌സണൽ ലോസ്, ഹ്യൂമൺ റൈറ്റ്‌സ് ലോ, പ്രൈവറ്റ് ഇന്റർനാഷണൽ ലോ. ഓരോ സ്ഥാപനത്തിലും ഉള്ള സ്പെഷ്യലൈസേഷൻ അറിയാൻ ബന്ധപ്പെട്ട സ്ഥാപന വെബ്സൈറ്റ് സന്ദർശിക്കണം. അതിലേക്കുള്ള ലിങ്ക് https://consortiumofnlus.ac.in/clat-2026 -ൽ ലഭിക്കും (പാർട്ടിസിപേറ്റിങ് യൂണിവേഴ്‌സിറ്റീസ്)
◼️ പ്രവേശന യോഗ്യത: യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഉയർന്നപ്രായപരിധിയില്ല. യുജി പ്രോഗ്രാം പ്രവേശനം തേടുന്നവർ 10+2/തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം)/തത്തുല്യ ഗ്രേഡോടെ ജയിച്ചിരിക്കണം.
പിജി പ്രവേശനത്തിന് 50 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം)/തത്തുല്യ ഗ്രേഡോടെയുള്ള എൽഎൽബി/തത്തുല്യ യോഗ്യത വേണം.2026 മാർച്ച്/ഏപ്രിൽ മാസങ്ങളിൽ യോഗ്യതാ കോഴ്‌സ് അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനസമയത്ത് യോഗ്യത തെളിയിക്കണം.
◼️ പ്രവേശനപരീക്ഷ: ഡിസംബർ 7ന് ഉച്ചയ്ക്കു 2 മുതൽ 4 വരെ ഓഫ്‌ലൈനായി നടത്തും. കേരളത്തിലും പരീക്ഷയെഴുതാം. ടെസ്റ്റിൽ 5 വിഭാഗങ്ങൾ. ആകെ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, 120 മാർക്ക്. തെറ്റൊന്നിന് 0.25 മാർക്ക് കുറയ്ക്കും. സിലബസിന്റെ സൂചന സൈറ്റിലുണ്ട്. ചോദ്യമാതൃക പിന്നീടു സൈറ്റിൽ വരും.
◼️ 5–വർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം
5–വർഷ ഇന്റഗ്രേറ്റഡ് ബിഎ / ബിഎസ്‌സി / ബികോം / ബിബിഎ / ബിഎസ്ഡബ്ല്യു എൽഎൽബി (ഓണേഴ്സ്) പ്രോഗ്രാമുകൾ വിവിധ സർവകലാശാലകളിലുണ്ട്. ഗാന്ധിനഗറിൽ ഇവയെല്ലാമുണ്ട്. ഓരോ ക്യാംപസിലെയും പ്രോഗ്രാമുകൾ അതതു വെബ്സൈറ്റുകളിലോ ബ്രോഷറുകളിലോ നോക്കി മനസ്സിലാക്കാം. ബ്രോഷറുകൾ Participating Universities ലിങ്കിലുണ്ട്.
◼️ ഒരുവർഷ എൽഎൽഎം
യോഗ്യത: 50% മാർക്കോടെ എൽഎൽബി / തുല്യപരീക്ഷ ജയിച്ചവർക്കും 2026 ഏപ്രിൽ / മേയ് സമയം യോഗ്യതാപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്ക് മതി. പ്രായപരിധിയില്ല. തീയതിക്രമം അണ്ടർ ഗ്രാജ്വേറ്റിന്റേതു പോലെത്തന്നെ.
പ്രവേശനപരീക്ഷ: 2 മണിക്കൂർ പരീക്ഷയിൽ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യം. 120 മാർക്ക്. തെറ്റൊന്നിന് 0.25 മാർക്ക് കുറയ്ക്കും
SUMMARY: Common Law Admission Test (CLAT) 2026: Applications can be submitted till October 31