ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാത്രി 8.30 ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണമടയുകയും ചെയ്തു. രണ്ട് വർഷം മുൻപ് മഞ്ഞപിത്തം ബാധിച്ച് അത്യാഹിത നിലയിലായിരുന്നു താരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം കരളും വൃക്കയും തകരാറിലായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സ നൽകുന്നതിനിടെ ആയിരുന്നു അന്ത്യം. തമിഴ് സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. കമൽ ഹാസൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു.
ഒട്ടനവധി സിനിമകളിൽ കോമഡി കഥാപാത്രങ്ങൾ ചെയ്ത നടനായിരുന്നു റോബോ ശങ്കർ. ‘മാരി, മാരി 2, വിശ്വാസം, പുലി, സിംഗം 3, കോബ്ര എന്നീ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കലക്ക പോവതു യാര്‍, അതു ഇത് യെത് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് റോബോ ശങ്കർ ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നത്. 2007 ൽ ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
SUMMARY: Tamil comedian Robo Shankar passes away