ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 10:30 ന് വാരണാസിയിൽ ലാൻഡ് ചെയ്ത IX1086 വിമാനത്തിലാണ് സംഭവം ഉണ്ടായത്. ശൗചാലയം തിരയവെ അബദ്ധത്തില്‍ കോക്ക് പിറ്റിനടുത്തേക്ക് എത്തുകയായിരുന്നു എന്നാണ് ഇയാളുടെ വാദം. ഇയാളെയും കൂടെ ഉണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തതായും ചോദ്യംചെയ്ത് വരുന്നതായും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
വിമാനം വാരണാസിയിൽ ഇറങ്ങിയ ശേഷമാണ് യാത്രക്കാരൻ കോക്പിറ്റിന് സമീപമെത്തി അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാർ ഉടൻ തന്നെ ഇയാളെ തടഞ്ഞു നിർത്തുകയായിരുന്നു.
കോക്പിറ്റില്‍ കടക്കാന്‍ ശ്രമിച്ചയാളുടെ കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തതില്‍ നിന്നും, ഇയാള്‍ ആദ്യമായാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചുവെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. എല്ലാ വിമാനങ്ങളുടെയും കോക്ക്പിറ്റ് വാതിലുകള്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഇത് ക്യാപ്റ്റനും ജീവനക്കാര്‍ക്കും മാത്രം അറിയാവുന്നതാണ്. അകത്തേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ ഇത്തരത്തിലുള്ള പാസ്‌വേര്‍ഡ് നല്‍കാന്‍ ശ്രമിച്ചിട്ടില്ല. ഒരുപക്ഷേ, വാതിലിന് പാസ്‌വേര്‍ഡ് സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍, യാത്രക്കാരന് കോക്പിറ്റില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു എന്നും എയര്‍ ഇന്ത്യ വക്താവ് പറയുന്നു. അറിവില്ലായ്മ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇയാളില്‍നിന്ന് വിമാനത്തിന് യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും സിഐഎസ്എഫ് ഈ വിഷയത്തില്‍ അന്വേഷണം തുടരുകയാണ്.
SUMMARY: Passenger arrested for trying to enter cockpit, thinking it was a toilet
SUMMARY: Passenger arrested for trying to enter cockpit, thinking it was a toilet