ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാക്കളായ മതിയഴകനെയും പൗണ്‍ രാജിനെയും ഒക്ടോബര്‍ 14 വരെ കരൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കോടതി റിമാന്‍ഡ് ചെയ്തു. വിജയ് പങ്കെടുത്ത കരൂരിലെ പരിപാടിക്ക് അനുമതി അപേക്ഷ നൽകിയ ആളാണ് ജില്ലാ സെക്രട്ടറി കൂടിയായ മതിയഴകൻ. ദുരന്തത്തിനു പിന്നാലെ മതിയഴകന്‍ ഒളിവിൽ പോയിരുന്നു. കരൂർ സെൻട്രൽ സിറ്റി സെക്രട്ടറിയാണ് പൗണ്‍രാജ്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറിയുൾപ്പെടെയുള്ള നേതാക്കൾ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ടിവികെ യോഗത്തിനുള്ള ഫ്ലക്സും കൊടിതോരണങ്ങളും ക്രമീകരിച്ച പൗണ്‍രാജാണ് ഒളിവിൽ പോകാൻ മതിയഴകനെ സഹായിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ടിവികെ നേതാക്കളായ ബുസി ആനന്ദും നിർമൽ കുമാറും മുൻകൂർ ജാമ്യത്തിനു മധുര ബെഞ്ചിൽ അപേക്ഷ നൽകിയിട്ടുണ്ട്. അപകടത്തിന് ഉത്തരവാദി അല്ലെന്ന് ഇരുവരും അപേക്ഷയിൽ പറയുന്നു.
അതിനിടെ, പാര്‍ട്ടിയുടെ വിഴുപുറം ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പന്‍ ജീവനൊടുക്കിയ സംഭവവുമുണ്ടായി. ഡി എം കെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പെഴുതി വെച്ചാണ് അയ്യപ്പന്‍ ആത്മഹത്യ ചെയ്തത്. സെന്തില്‍ ബാലാജിയുടെ സമ്മര്‍ദം കാരണം വിജയ്യുടെ പരിപാടിക്ക് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പന്‍ കുറിപ്പില്‍ ആരോപിക്കുന്നത്. വിജയ് ഫാന്‍സ് അസോസിയേഷന്‍ അംഗമായിരുന്നു വി അയ്യപ്പന്‍. പിന്നീട് വിജയ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹിയാകുകയായിരുന്നു.
SUMMARY: Karur tragedy: TVK leaders remanded