തൃശൂർ: രാഹുൽ ഗാന്ധിയെ വെടിവെച്ചു കൊല്ലുമെന്ന് ചാനൽ ചർച്ചയിൽ ഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവൻ കീഴടങ്ങി. സ്റ്റേഷനിൽ കീഴടങ്ങിയ പ്രിന്‍റുവിനെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കും. താൻ ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്നും താനൊരു അധ്യാപകനാണെന്നും പ്രിന്‍റു മാധ്യമങ്ങളോട് പറഞ്ഞു. അതിനാൽ, സത്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം കുന്നംകുളം മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രിന്റു മഹാദേവ് ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. തുടർന്ന് പ്രിന്റുവിനെതിരെ നിയമനടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പോലീസിൽ പരാതി നൽകിയിരുന്നു. കെപിസിസി സെക്രട്ടറി അഡ്വ. പി.ആർ പ്രാണകുമാർ സംസ്ഥാന പോലീസ് മേധാവിക്കും കോൺഗ്രസ് നേതാവ് ശ്രീകുമാർ തൃശൂർ പേരാമംഗലം പോലീസിനുമാണ് പരാതി നൽകിയത്. ശ്രീകുമാറിന്റെ പരാതിയിൽ ഭാരതീയ ന്യായസംഹിതയിലെ 192, 351 (2), 352 വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനറുമാണ് പ്രിന്റു.
SUMMARY: Killing speech against Rahul Gandhi. BJP spokesperson Printu Mahadev surrenders