ബെംഗളൂരു: കർണാടക സർക്കാരിന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
സമൂഹത്തിൽ ഗാന്ധി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നൽകുന്ന സംഭാവനകള്‍ക്കാണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സേവാപുരസ്കാരം ഏര്‍പ്പെടുത്തിയത്.
സമകാലിക ഇന്ത്യൻ ചരിത്രം, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, പരിസ്ഥിതി പോരാട്ടങ്ങൾ, ക്രിക്കറ്റ് എന്നിവയെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും രചനകളിലൂടെയും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയയാളാണ് രാമചന്ദ്രഗുഹ.’ഇന്ത്യ ആഫ്റ്റർ ഗാന്ധി’ (സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം), ‘എ കോർണർ ഓഫ് എ ഫോറിൻ ഫീൽഡ്’ (ഇന്ത്യൻ ക്രിക്കറ്റിന്റെ സാമൂഹിക ചരിത്രം), ‘ഗാന്ധി ബിഫോർ ഇന്ത്യ'(മഹാത്മാഗാന്ധിയുടെ ജീവചരിത്രം ഒന്നാം ഭാഗം) ‘ഗാന്ധി: ദി ഇയേഴ്‌സ് ദാറ്റ് ചേഞ്ച്ഡ് ദി വേൾഡ്'(മഹാത്മാഗാന്ധിയുടെ ജീവചരിത്രം രണ്ടാം ഭാഗം), ‘ദി അൺക്വയറ്റ് വുഡ്സ്’ (പരിസ്ഥിതി പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനം) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
SUMMARY: Ramachandra Guha to be conferred with Mahatma Gandhi Seva Puraskar
SUMMARY: Ramachandra Guha to be conferred with Mahatma Gandhi Seva Puraskar