മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.
അക്രമിയെ തിരിച്ചറിഞ്ഞെന്നും ആയുധധാരികളായ ഉദ്യോഗസ്ഥര്‍ അക്രമിയെ വെടിവച്ച് കൊന്നതായും പോലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പ്രദേശിക സമയം ഒന്‍പതരയോടെയാണ് ആക്രമണമുണ്ടായത്. അക്രമിയുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. ആള്‍ക്കൂട്ടത്തിനിടെയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ ശേഷം ആരാധനാലയത്തിലേക്ക് കയറാന്‍ ശ്രമിച്ച അക്രമിയെ ആളുകള്‍ തടയുകയായിരുന്നു. ഇതിനിടെയാണ് ഒരാള്‍ക്ക് കുത്തേറ്റത്. മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിലാണ് ആക്രമണം ഉണ്ടായത്. ഒരാള്‍ കാറിടിച്ചും മറ്റൊരാള്‍ കുത്തേറ്റുമാണ് മരിച്ചതെത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്തശേഷമാണ് അക്രമി മരിച്ചെന്നുറപ്പിച്ചത്. സ്ഫോടകവസ്തുക്കള്‍ നിയന്ത്രിത സ്ഫോടനം വഴി നശിപ്പിച്ചു.
ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ രണ്ട് വര്‍ഷമായി നടക്കുന്ന യുദ്ധത്തെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജൂത സമൂഹത്തില്‍ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സമയത്താണ് മാഞ്ചെസ്റ്ററിലെ ഈ ആക്രമണം. ആക്രമണം നടന്ന സമയത്ത് ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു സഭയുടെ ജൂത ദേവാലയത്തില്‍ ആരാധനയ്ക്കായി ധാരാളം ആളുകളെത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണം ഭയപ്പെടുത്തുന്നതാണെന്നും ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരില്‍ തന്നെ ഇത്തരമൊരു ആക്രമണം നടന്നുവെന്നത് കൂടുതല്‍ ഭയപ്പെടുത്തുന്നുവെന്നും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രസ്താവനയില്‍ പറഞ്ഞു.
SUMMARY: Terrorist attack at Manchester synagogue; two killed, three in critical condition