അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ബോംബ് ഭീഷണി. തിരുപ്പതി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനം നടക്കും എന്നാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. നഗരത്തില്‍ ഉടനീളം പോലീസും ബോംബ് നിർവീര്യ സംഘവും പരിശോധനകള്‍ കർശനമാക്കിയിട്ടുണ്ട്. അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് സംശയാസ്പദമായ രണ്ട് ഭീഷണി ഇ-മെയിലുകള്‍ ലഭിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്.
തിരുപ്പതിയില്‍ സ്ഫോടനം നടത്തുന്നതിനായി ഐഎസ്‌ഐയും മുൻ എല്‍ടിടിഇ തീവ്രവാദികളും തമിഴ്‌നാട്ടില്‍ നിന്ന് ഗൂഢാലോചന നടത്തുന്നുണ്ടെന്ന് അവകാശപ്പെടുന്നതായിരുന്നു ഭീഷണി സന്ദേശം. തിരുപ്പതിയിലെ നാല് പ്രദേശങ്ങളില്‍ ആർഡിഎക്സ് സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുമെന്ന് ഇ-മെയിലായി ലഭിച്ച ഭീഷണി സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.
ആർടിസി ബസ് സ്റ്റാൻഡ്, ശ്രീനിവാസം, വിഷ്ണു നിവാസം, കപില തിരുതം, ഗോവിന്ദരാജുല സ്വാമി ക്ഷേത്രം എന്നിവയ്ക്ക് നേരെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. ഒക്ടോബർ 6 ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തിരുപ്പതി സന്ദർശനം നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സന്ദേശം എന്നുള്ളതും പോലീസ് കണക്കിലെടുത്തിട്ടുണ്ട്.
SUMMARY: Bomb threat in Tirupati; High alert issued