കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കനത്ത മഴയെ തുടർന്ന് ഡാർജിലിംഗിലുള്ള പാലം തകർന്ന് ഏഴ് പേർ മരിച്ചു. മിരിക്കിനും കുർസിയോങിനും ഇടയിലുള്ള ഇരുമ്പ് പാലമാണ് തകർന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറുകളായി അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കനത്തമഴയെ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. സബ്-ഹിമാലയന്‍ വെസ്റ്റ് ബംഗാള്‍ പ്രദേശത്ത് തിങ്കളാഴ്ച വരെ കനത്തമഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. തെക്കന്‍ ബംഗാളിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.
സംസ്ഥാനത്ത് വലിയ തോതില്‍ ഗതാഗത തടസവും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടവും സംഭവിച്ചു. ഡാർജിലിംഗ്, കലിംപോങ്, സിക്കിം തുടങ്ങിയ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. കനത്ത മഴയെ തുടർന്ന് 14 മരണങ്ങള്‍ ഇതുവരെ റിപ്പോർട്ട് ചെയ്തതു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നാണ് നിഗമനം.
അപകടസാധ്യതാ പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. അപകടമേഖലകളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിപ്പിക്കാൻ ജനങ്ങളോട് അധികൃതർ നിർദേശിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കലിംപോങ്, കൂച്ച്‌ബെഹാർ, ജല്‍പായ്ഗുരി, അലിപുർദുവാർ എന്നിവിടങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
SUMMARY: Heavy rains and landslides; Seven dead as bridge collapses in Bengal