തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നടന്നു. സഭ ആരംഭിക്കുന്നില്ലേ പ്രതിപക്ഷം ബാനറുമായി സമ്മേളനത്തിന് എത്തിയതും “അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികള്‍” എന്ന സന്ദേശമുള്ള ബാനറുകള്‍ കെട്ടി പ്രകടനം നടത്തിയത് ശ്രദ്ധേയമായിരുന്നു.
ശബരിമലയിലെ സ്വർണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ശബരിമല പ്രശ്നം സഭയില്‍ കൊണ്ട് വരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തരവേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി.
എന്നാല്‍ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനർ കെട്ടിയ പ്രതിപക്ഷം സഭയില്‍ ശരണം വിളിച്ചു കൊണ്ടാണ് പിന്നീട് പ്രതിഷേധിച്ചത്. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റു ബഹളം വെച്ചു. പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി, സഭ താല്‍കാലികമായി നിർത്തിവെക്കുകയായിരുന്നു.
അതേസമയം, സ്വർണപ്പാളി വിവാദത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ മുഖ്യ സ്‌പോണ്‍സർ ഉണ്ണിക്കൃഷ്‌ണൻ പോറ്റി നല്‍കിയ മൊഴിയില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ് അറിയിച്ചു. സ്പോണ്‍സർ- ദേവസ്വം ഉദ്യോഗസ്ഥ കൂട്ടുകെട്ട് സംഭവത്തിലുണ്ടായി എന്നാണ് നിഗമനം. ഉദ്യോഗസ്ഥർ അന്വേഷണത്തില്‍ ഉരുണ്ടുകളിക്കുന്നതായും ദേവസ്വം വിജിലൻസ് നിഗമനമുണ്ട്. സംഭവത്തില്‍ വിശദമായൊരു അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയില്‍ വ്യാഴാഴ്‌ച റിപ്പോർട്ട് നല്‍കും.
SUMMARY: Sabarimala gold plate controversy: Opposition seeks refuge in the House