ബെംഗളൂരു: എന്നും മലയാളികളുടെ ഇഷ്ട വിനോദ കേന്ദ്രമായ കുടകില്‍ ഇനി കാഴ്ചകളേറും. ജില്ലയില്‍ പുതുതായി 23 സഞ്ചാരകേന്ദ്രങ്ങള്‍ കൂടി വികസിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വര്‍ഷം കൂടുംതോറും ജില്ലയില്‍ സഞ്ചാരികളുടെ ഒഴുക്ക് കൂടുന്നതിനാലാണ് അധിക വരുമാനം ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ നീക്കം.
കൂടുതല്‍ മനോഹാരിതമായ സ്ഥലങ്ങള്‍ കണ്ടെത്തി ഇതിനായുള്ള ‘ടൂറിസം മാപ്പിങ്ങ്’ തുടങ്ങിയിരിക്കുകയാണെന്ന് കുടക് ഡെപ്യൂട്ടി കമ്മീഷണര്‍ വെങ്കട്ട് രാജ അറിയിച്ചു.
പുതിയ കേന്ദ്രങ്ങള്‍ക്കായി ടൂറിസം വകുപ്പ് 2.81 കോടിയുടെ 14 പദ്ധതികള്‍ ആരംഭിച്ചു. കൊടവ ഹെറിറ്റേജ് സെന്റര്‍ വികസനത്തിനായി അഞ്ച് കോടിയുടെ പദ്ധതി സമര്‍പ്പിച്ചതായും ഡിസി അറിയിച്ചു.
ഇര്‍പ്പു വെള്ളച്ചാട്ടം, മാലെ തിരികെ ഈശ്വര ക്ഷേത്രം, പെരുമ്പാടി തടാകം, ബാരാപോള്‍ സ്പോട്ട്, റിവര്‍ റാഫ്റ്റിംഗ് എന്നിവടങ്ങളില്‍ 25 ലക്ഷം രൂപ വീതമുള്ള സൗന്ദര്യരവത്കരണവും നടക്കും. പൊന്നമ്പേട്ട് താലൂക്കിലെ ഗൗരി തടാകം, ഹൊന്നമ്മ തടാകം എന്നിവിടങ്ങള്‍ കൂടുതല്‍ സഞ്ചാര സൗഹൃദമാക്കും. മല്ലള്ളി വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു റോപ്പ്വേയ്ക്കുള്ള സര്‍വേ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.
കേരളത്തിലേക്കുള്ള കണ്ണൂര്‍ മാക്കൂട്ടം ചുരം -കുട്ടുപുഴ, വയനാടിലേക്കുള്ള കുട്ട -തോല്‍പ്പെട്ടി അന്തസ്സംസ്ഥാന പാതകളുടെ നവകീരണം പൂര്‍ത്തിയാകുന്നത് കുടകിലേക്കുള്ള സഞ്ചാരികള്‍ക്കുള്ള സൗകര്യം വര്‍ദ്ധിപ്പിക്കും.
ദുബാരെ ആന ക്യാമ്പ്, രാജാസ് സീറ്റ്, കാവേരി നിസര്‍ഗധാമ, ബൈലക്കുപ്പെ ഗോള്‍ഡന്‍ ടെമ്പിള്‍, മടിക്കേരിയിലെ കുടക് കോട്ട, അബി ഫാള്‍സ്, കൊപ്പാടി കുന്നുകള്‍, ഭാഗമണ്ഡല, തലക്കാവേരി എന്നിവിടങ്ങളാണ് സഞ്ചാരികളുടെ കുടകിലെ ആകര്‍ഷണ കേന്ദ്രങ്ങള്‍.
SUMMARY: Government plans to develop 23 more tourist destinations in Kodagu