തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടുത്ത സുഹൃത്തുക്കളോടൊപ്പം പുട്ടപര്‍ത്തിയില്‍ നിന്നും ഒരു യാത്ര കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു നടന്‍. ജോഗുലാംബ ജില്ലയിലെ ദേശീയപാത 44 ൽ വെച്ചാണ് സംഭവം. താരത്തിന്റെ കാറിന് പിന്നിൽ നിന്ന് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. നടന്റെ കാറിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, വിജയ് സുരക്ഷിതനാണ്.
വിജയ് സഞ്ചരിച്ച കാര്‍ ഒരു ബൊലേറോയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. നന്ദികോട്കൂറില്‍ നിന്ന് പേബ്ബെയറിലേക്ക് ആടുകളെ കയറ്റി വന്ന ഒരു ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ വിജയുടെ കാറും എതിര്‍ദിശയില്‍ വന്ന ബൊലോറയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ താരത്തിന്റെ വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കാതെ വിജയ് ഉള്‍പ്പെടെയുള്ള കാര്‍ യാത്രികര്‍ രക്ഷപ്പെടുകയായിരുന്നു.
വിജയ്‌യുടെ ഡ്രൈവർ ഉടൻ തന്നെ സംഭവത്തെക്കുറിച്ച് ലോക്കൽ പോലീസിൽ അറിയിച്ചതായി റിപ്പോർട്ടുണ്ട്. പോലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Actor Vijay Deverakonda’s car met with an accident