ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ നടപടി. ബാര്‍ അസോസിയേഷനില്‍ നിന്ന് രാകേഷ് കിഷോറിനെ പുറത്താക്കി. രാകേഷ് കിഷോറിന്‍റെ താല്‍ക്കാലിക അംഗത്വം അസോസിയേഷന്‍ മരവിപ്പിക്കുകയായിരുന്നു. സുപ്രീംകോടതി പരിസരത്ത് പ്രവേശിക്കുന്നതിനുള്ള രാകേഷ് കിഷോറിന്‍റെ എന്‍ട്രി കാര്‍ഡും റദ്ദാക്കിയിട്ടുണ്ട്.
ബാർ കൗണ്‍സില്‍ നേരത്തെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് രാകേഷ് കിഷോറിന്റെ താല്‍കാലിക അംഗത്വം റദ്ദാക്കിയത്. വിഷയത്തില്‍ രാഷ്ട്രീയ പോരും കടുക്കുകയാണ്. അഭിഭാഷകനായി ഇരിക്കാൻ രാകേഷ് കിഷോറിന് യോഗ്യതയില്ലെന്ന് അടക്കമുള്ള വിമർശനങ്ങള്‍ ഉയരുന്നതിനിടയിലാണ് പുതിയ നടപടി. തിങ്കളാഴ്ചയാണ് രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റീസിനു നേര്‍ക്ക് ഷൂ എറിയാന്‍ ശ്രമിച്ചത്.
ഉടന്‍തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി കോടതിക്ക് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം, സുപ്രിം കോടതി നടപടിക്രമത്തിനിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞതില്‍ കുറ്റബോധവും ഭയവുമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന്റെ നടപടിക്കെതിരായ പ്രതികരണമാണ് ഉണ്ടായതെന്നും താൻ മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നുമായിരുന്നു രാകേഷ് കിഷോറിന്റെ പ്രതികരണം.
SUMMARY: Action taken for throwing shoe at Chief Justice; Lawyer expelled