പുരുഷാധിപത്യത്തിന്റെ കെട്ട് പൊട്ടിക്കുന്ന പെണ്ണുങ്ങളെ സമൂഹം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് ‘ഫെമിനിച്ചി’. ഫാനിന്റെ സ്വിച്ചിടൂ, എന്റെ ഡ്രെസ്സ് ഇസ്തിരിയിട്ട് വെക്കൂ, നിലം തുടക്കൂ, കിടക്ക വിരിക്കൂ എന്ന് തുടങ്ങിയ പല ചോദ്യങ്ങളോടും “നിങ്ങടെ കൈ എന്താ പൊങ്ങൂലേ” എന്നുള്ള മറുചോദ്യം ചോദിക്കുന്ന പെണ്ണുങ്ങൾക്കുള്ള പേര്. അങ്ങനെയൊരു ചോദ്യം ചോദിച്ചുകൊണ്ടാണ് ഫാത്തിമ അധികാരങ്ങളുടെ കെട്ടുപൊട്ടിച്ചുകൊണ്ട് സ്വന്തം ജീവിതം ആരംഭിക്കുന്നത്. അതോടെ ഭർത്താവ് അവൾക്കൊരു പേരുമിട്ടു ‘ഫെമിനിച്ചി’.
ഫാസിൽ മുഹമ്മദ് എന്ന യുവ സംവിധായകന്റെ ആദ്യത്തെ മുഴുനീള സിനിമയാണ് ഫെമിനിച്ചി ഫാത്തിമ. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത സിനിമ. ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിൽ അഭിനയിച്ച ഷംല ഹംസയാണ് ഈ ചിത്രത്തിൽ ഫാത്തിമയായി വേഷമിടുന്നത്. മറ്റ് ബഹുഭൂരിപക്ഷം അഭിനേതാക്കളും ഫാസിലിന്റെ ചുറ്റുപാടുകളിൽ നിന്ന് ഫാസിൽ കണ്ടെത്തിയ പുതുമുഖങ്ങളാണ്.

തിരിച്ചറിയാൻ സാധിക്കാതെ സമൂഹത്തിൽ അടിയുറച്ചു പോയ പല അടിച്ചമർത്തലുകൾക്കും മാറ്റിനിർത്തലുകൾക്കും എതിരെയുള്ള പോരാട്ടമാകണം ‘ഫെമിനിച്ചി ഫാത്തിമ’ എന്നാണ് ഫാസിൽ മുഹമ്മദ് ആഗ്രഹിക്കുന്നത്. ഒരിക്കലും ഇതൊരു മതവിഭാഗത്തിന്റെ പിന്തിരിപ്പൻ ആശയങ്ങൾക്കെതിരെ മാത്രമുള്ള സിനിമയല്ല. ഒരു ഘട്ടം കഴിയുമ്പോൾ സിനിമ ഈ സമൂഹത്തിലെ എല്ലാ വീടകങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്. സാങ്കേതിക മികവുകൾക്കും ആവിഷ്കാര പൂർണ്ണതകൾക്കും മത ചുറ്റുപാടുകൾക്കുമൊക്കെ അപ്പുറം ഒരു മലയാളി സ്ത്രീയുടെ ജീവിതസാഹചര്യങ്ങളിൽ അവൾ തിരിച്ചറിയാതെ പോയ അവകാശ ലംഘനങ്ങളുടെ നേർക്കാഴ്ചയാകുന്നതാണ് ഫെമിനിച്ചി ഫാത്തിമയെ വേറിട്ട് നിർത്തുന്നത്.

നമ്മുടെ സമൂഹത്തിൽ വേരൂന്നിയ പുരുഷാധിപത്യ വ്യവസ്ഥിതിയുടെ സൂക്ഷ്മമായ സ്വാധീനങ്ങളെക്കുറിച്ചാണ് ‘ഫെമിനിച്ചി ഫാത്തിമ’ സംസാരിക്കുന്നത്. പലപ്പോഴും നിഷ്കളങ്കമെന്ന് തോന്നിക്കുന്ന ഈ അടരുകൾ സ്ത്രീകൾക്ക് സാമൂഹികവും സാമ്പത്തികവുമായ തുല്യത നിഷേധിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
സ്ത്രീകൾ ഇന്ന് തൊഴിലെടുക്കുന്നുണ്ടെങ്കിലും, ദീർഘകാലം വീട്ടിലിരുന്നതിന്റെ പരിമിതികൾ അവരുടെ ശമ്പളത്തിലും മറ്റു അവസരങ്ങളിലും ഇന്നും പ്രതിഫലിക്കുന്നു. ഇതിലും പ്രധാനമാണ് വീട്ടമ്മമാർ ചെയ്യുന്ന ജോലിയുടെ മൂല്യം. അവർക്ക് ശമ്പളത്തിനു പകരം ഭക്ഷണവും വസ്ത്രവും താമസവും നൽകുന്നത് മതിയാകുമോ എന്ന ചോദ്യം പ്രസക്തമാണ്. പുറത്തുനിന്ന് ജോലിക്കെത്തുന്നവർക്ക് ഈ സൗകര്യങ്ങൾ മാത്രം നൽകി ജോലി ചെയ്യിക്കാൻ സാധിക്കില്ല. സ്ത്രീകൾ ഇന്നും വീട്ടിൽ തുടരുന്നതിലൂടെ, സാമ്പത്തിക ബാധ്യത പുരുഷന്റെ ചുമലിലാകുന്നുണ്ടെങ്കിലും, സമ്പത്തും നിർണയ അധികാരവും പുരുഷന് നൽകുന്ന അധികാരത്തിന്റെ മറ്റൊരു രൂപം തന്നെയാണ് ഈ വ്യവസ്ഥിതി.
പൊതുരംഗത്തെ സ്ത്രീ-പുരുഷ ഇടപെഴകലുകളിലെ ഇരട്ടത്താപ്പുകൾക്ക് നമ്മുടെ സമൂഹം എപ്പോഴും ഉദാഹരണമാണ്.ഒരു നടൻ മക്കളുടെ പേരും വിവരങ്ങൾ തെറ്റിച്ചു പറഞ്ഞപ്പോൾ, ‘തിരക്കുമൂലം സംഭവിച്ച മറവി’യായി അതിനെ സമൂഹം ലഘൂകരിച്ചു. എന്നാൽ, ഒരു നടി ഇതേ തെറ്റ് ചെയ്താൽ അവർ ‘ക്രൂരയായ അമ്മ’ എന്ന് മുദ്രകുത്തപ്പെടാം.
ഉയർന്ന സ്ഥാനത്തുള്ള ഒരു സ്ത്രീയെ ഭർത്താവ് അകമ്പടി സേവിക്കുമ്പോൾ, ‘ഭർത്താവുദ്യോഗം, കഷ്ടം’ എന്നിങ്ങനെയുള്ള പരിഹാസങ്ങൾ ഉണ്ടാകാം. എന്നാൽ, സ്ത്രീ പുരുഷനെ അനുഗമിക്കുന്നതും സേവിക്കുന്നതും സ്വാഭാവികമായ കാര്യമായി കണക്കാക്കപ്പെടുന്നു.പഴയ സിനിമകളിൽ വീടുവിട്ടിറങ്ങുന്ന സ്ത്രീകളെ ‘സൊസൈറ്റി ലേഡികൾ’ എന്ന പേരിൽ പരിഹാസ കഥാപാത്രങ്ങളാക്കി ചിത്രീകരിച്ചിട്ടുണ്ട്. അന്ന് വില്ലത്തികളായി ചിത്രീകരിച്ച പല സ്ത്രീകളും ശരിയായിരുന്നു എന്നും, പല നായക കഥാപാത്രങ്ങളും വിഷലിപ്തമായ സ്വഭാവമുള്ളവരായിരുന്നു എന്നും ഇന്ന് നാം തിരിച്ചറിയുന്നു.
ഇന്നും അധികാരശ്രേണികളിലും, നാം ആഘോഷിക്കുന്ന സാഹിത്യ-രാഷ്ട്രീയ മേഖലകളിലും പുരുഷന്മാരാണ് ബഹുഭൂരിപക്ഷവും. ഇതിനു കാരണം സ്ത്രീക്ക് കഴിവില്ലാത്തതുകൊണ്ടല്ല, മറിച്ച് സമൂഹം അവളുടെ അവസരങ്ങളും സാധ്യതകളും ബോധപൂർവം വെട്ടിച്ചുരുക്കിയത് കൊണ്ടാണ്.
ഫെമിനിസം എന്നത് സ്ത്രീക്ക് സമൂഹത്തിൽ തുല്യപദവി വേണമെന്ന് വാദിക്കുന്ന വിശാലമായ ചിന്താധാരയാണ്. ഇത് ആരെയും അടിച്ചമർത്താനോ ആരുടെയും മുകളിൽ അധികാരം സ്ഥാപിക്കാനോ ഉള്ള ശ്രമമല്ല. മറിച്ച്, മനുഷ്യത്വത്തിന്റെ മറ്റൊരു മുഖമാണ്. നിലനിൽക്കുന്ന സാമൂഹിക അസമത്വങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്ന ‘ഫെമിനിച്ചി ഫാത്തിമ’ ഉയർത്തിപ്പിടിക്കുന്നതും ഈ തുല്യതയുടെയും നീതിയുടെയും ആശയങ്ങളാണ്.
ഒക്ടോബർ 10 ന് തീയേറ്ററിൽ റിലീസ് ചെയ്യാൻ പോകുന്ന തന്റെ സിനിമയെക്കുറിച്ച് ഫാസിൽ മുഹമ്മദ് ന്യൂസ് ബെംഗളൂരുവിനോട് സംസാരിക്കുന്നു.
▪️ പുരുഷാധിപത്യത്തെക്കുറിച്ചും പിന്തിരിപ്പൻ മത ചിന്തകളെ കുറിച്ചുമുള്ള ആക്ഷേപഹാസ്യ ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. സമുദായിക പരിഷ്കരണത്തിൽ നേരിട്ട് ഇടപെടുന്ന സൃഷ്ടി. ഇത്തരമൊരു പ്രമേയം തിരഞ്ഞെടുക്കുമ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
പടം ചെയ്യുന്ന സമയത്ത് അത്തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. പടത്തിന്റെ പേരിൽ തന്നെ അതിന്റെ രാഷ്ട്രീയം വ്യക്തമാണ്. ചില മത ചിന്തകൾ പിന്തിരിപ്പനായതുകൊണ്ട് തന്നെയാണ് അത് ആത്മവിശ്വാസത്തോടെ ഞാൻ തുറന്നു പറഞ്ഞത്. പൊന്നാനിയിൽ ആയിരുന്നു സിനിമയുടെ ഷൂട്ടിംഗ് മുഴുവൻ. എന്റെ സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ച് അറിവുള്ള ഒരുപാട് ഫാത്തിമമാരുടെ ഇടയിൽ നിന്നുകൊണ്ടാണ് ഈ സിനിമ ചിത്രീകരിച്ചത്. ഓരോ രംഗം ചിത്രീകരിക്കുമ്പോഴും ഞാൻ ഈ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടല്ലോ എന്നോർത്ത് അവരതൊക്കെ ആസ്വദിച്ചു. അതിലേറെ അവർക്കതൊരു തിരിച്ചറിവായി മാറിയിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
▪️ വലിയ താരങ്ങൾ ഒന്നുമില്ലാതെ ചുറ്റുപാടിൽ നിന്നുമാണ് ഫാസിൽ കഥാപാത്രങ്ങളെ കണ്ടെത്തിയത്. മത വിമർശനങ്ങൾ ഉണ്ട് എന്നറിഞ്ഞപ്പോൾ സിനിമയിൽ നിന്ന് പിന്മാറിയവർ ഉണ്ടായിട്ടുണ്ടോ?
എനിക്കും എന്റെ കൂടെ ഉണ്ടായിരുന്നവർക്കും ഒരിക്കലും ഇത് ഏതെങ്കിലും ഒരു മതത്തെ കണിശമായി വിമർശിക്കുന്ന സിനിമയായി തോന്നിയിട്ടില്ല. ഞാൻ വളർന്നുവന്ന മതത്തിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങളുള്ളത് എന്ന് അതിന് അർത്ഥമില്ല. എല്ലാ കുടുംബങ്ങൾക്കും ബന്ധപ്പെടുത്താൻ സാധിക്കുന്ന എല്ലാ വീട്ടിലും സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിൽ പറഞ്ഞിരിക്കുന്നത്. ഞാൻ വളർന്നുവന്നതും എനിക്ക് കൂടുതൽ പരിചയമുള്ളതും ഇസ്ലാം മത ചുറ്റുപാടുകൾ ആയതുകൊണ്ടാണ് ഇത്തരം ഒരു പ്രമേയം ആത്മവിശ്വാസത്തോടെ വ്യക്തമായി പറയാൻ അത് തെരഞ്ഞെടുത്തത്. പുരുഷാധിപത്യ പ്രവണതകൾ ഏതെങ്കിലും ഒരു മതത്തിലോ, സ്ഥലത്തോ ഒതുങ്ങി നിൽക്കുന്നതല്ല. ഒരു മതത്തിന്റെ പിന്തിരിപ്പൻ ആശയങ്ങൾക്കെതിരെ സംസാരിക്കുന്ന ചിത്രമായി മാത്രം ഈ സിനിമയെ തരംതാഴ്ത്തരുത് എന്ന് ആഗ്രഹിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങൾക്കായുള്ള പോരാട്ടമായിട്ടാണ് ഞാൻ ഈ സിനിമയെ കാണുന്നത്.
▪️ സിനിമയുടെ പേരും അതിന്റെ രാഷ്ട്രീയവും സിനിമയ്ക്കുള്ളിലെ നർമ്മവുമൊക്കെ ഒരു ബഷീർ ശൈലി ഓർമിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകൾ പ്രചോദനമായിട്ടുണ്ടോ?
ഈ സിനിമയെക്കുറിച്ച് ഏറ്റവും കൂടുതൽ കേട്ടതും ഏറ്റവും സന്തോഷിപ്പിച്ചതുമായ അഭിപ്രായമാണിത്. അദ്ദേഹത്തിന്റെ രചനകളെ അവലംബിച്ചിട്ടില്ല എങ്കിൽപോലും മഹാനായ ഒരു സാഹിത്യകാരനെ എന്റെ സൃഷ്ടിയുമായി താരതമ്യപ്പെടുത്തിയത് വലിയ അംഗീകാരമായി കാണുന്നു.
▪️ സിനിമയെന്ന കല സാമൂഹിക പ്രതിബദ്ധത കാണിക്കണം എന്ന അഭിപ്രായത്തെ എങ്ങനെ വിലയിരുത്തും?
‘ഫെമിനിച്ചി ഫാത്തിമ’ ഒരുക്കുമ്പോൾ ആ സിനിമ നല്ലൊരു പ്രമേയം മുന്നോട്ടുവയ്ക്കണം എന്നതിനോടൊപ്പം അത് പ്രേക്ഷകർക്ക് വിനോദം പകരുന്നതും അവരോട് ചേർന്ന് സഞ്ചരിക്കുന്നതും ആവണമെന്നാണ് ചിന്തിച്ചത്. എല്ലാ സിനിമകളും അങ്ങനെ ആയിരിക്കണം എന്ന് നിർബന്ധമില്ല. കലാസൃഷ്ടികളിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാവണമെന്ന് വിശ്വസിക്കുന്നു.
▪️ കലാമൂല്യം കൊണ്ടും പ്രമേയം കൊണ്ടും ഉയർന്നു നിൽക്കുന്ന പല സിനിമകളും തിയേറ്ററിൽ പരാജയപ്പെടുകയും, പിന്തിരിപ്പൻ ആശയങ്ങളുള്ള, നിലവിലെ സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്നെന്നപോലെ സൃഷ്ടിക്കപ്പെട്ട പല സിനിമകളും വിജയിച്ചിട്ടുമുണ്ട്. ഫാസിലിന്റെ മനസ്സിലുള്ള ഒരു നല്ല സിനിമ ഈ രണ്ടു കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ടോ?
സിനിമ വ്യവസായം നിലനിൽക്കുന്നത് പലപ്പോഴും കമേർഷ്യൽ സിനിമകളിലൂടെയാണ്. രണ്ടുതരം സിനിമകളും ഇവിടെ വേണം എന്ന് തന്നെയാണ് എന്റെ പക്ഷം. കലാമൂല്യവും നല്ല പ്രമേയവും ഒപ്പം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതുമായ സിനിമകൾ ചെയ്യാനാണ് വ്യക്തിപരമായി എനിക്കിഷ്ടം. ഫെമിനിച്ചി ഫാത്തിമ അത്തരത്തിലൊരു സിനിമയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
▪️ സംവിധായകൻ തന്നെ എഡിറ്ററും തിരക്കഥാകൃത്തും ആകുമ്പോൾ സിനിമ എങ്ങനെയൊക്കെ കൂടുതൽ മെച്ചപ്പെടും?
മുൻപ് എഡിറ്റിംഗ് മേഖലയിൽ ജോലി ചെയ്തിരുന്നത് കൊണ്ട് ഫെമിനിച്ചി ഫാത്തിമയുടെ എഡിറ്റിംഗ് ഞാൻ തന്നെയാണ് കൈകാര്യം ചെയ്തത്. ചെറിയ മുടക്ക് മുതലിൽ ചെയ്ത സിനിമയാണ് ഫെമിനിച്ചി ഫാത്തിമ. എഡിറ്റിങ്ങും തിരക്കഥയും സംവിധാനവും മാത്രമല്ല നിർമ്മാണവും കലാസംവിധാനവുമടക്കം അതിന്റെ എല്ലാ മേഖലകളിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്. സ്ക്രിപ്റ്റ് എഴുതി അത് ചിത്രീകരിച്ച് അന്ന് രാത്രി തന്നെ എഡിറ്റ് ചെയ്യുന്ന രീതിയാണ് എന്റേത്. എഡിറ്റ് ചെയ്യുന്ന സമയത്ത് സിനിമയിൽ എന്തെങ്കിലും മാറ്റം വേണമെന്ന് തോന്നിയാൽ അപ്പോൾ തന്നെ തിരക്കഥയിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്. അങ്ങനെ സിനിമയുടെ എല്ലാ വശങ്ങളിലും ഇടപെടാൻ സാധിച്ചത് കൊണ്ട് അതിന്റെ വളർച്ച കൃത്യമായി അറിയാൻ സാധിച്ചു എന്ന് കരുതുന്നു.
▪️ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അനുഭവങ്ങൾ
സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങൾ സമ്മാനിച്ച ദിവസങ്ങളാണ് IFFK യിലേത്. നാളുകളായി ഈ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടതിന് ഫലമുണ്ടായ സമയം. അതിനു മുമ്പ് പലപ്പോഴും ഞാൻ സാധാരണ പ്രേക്ഷകനെ പോലെ IFFK യിൽ പങ്കെടുത്തിട്ടുണ്ട്. ഒരു സിനിമ ചെയ്ത് അവിടെ പ്രദർശിപ്പിക്കപ്പെടണം എന്ന് അന്നേയുള്ള ആഗ്രഹമായിരുന്നു. പ്രദർശനം മാത്രമാണ് ആഗ്രഹിച്ചതെങ്കിലും അഞ്ചോളം അവാർഡുകൾ സിനിമയ്ക്ക് ലഭിച്ചു. മത്സരവിഭാഗത്തിന് ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരവും,
അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്‌കാരവും കെ.ആർ. മോഹനൻ പുരസ്‌കാരവും ലഭിച്ചു. ഇതിനൊക്കെ പുറമെ സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളും അറിയിച്ചു.
▪️ ഫെമിനിസം എന്ന മനോഹരമായ ആശയം തന്നെ ആദ്യ സിനിമയാകാൻ കാരണം എന്താണ്?
ആദ്യ സിനിമയുടെ പ്രമേയം സാമൂഹിക പ്രാധാന്യമുള്ളതാവണം എന്ന് ആഗ്രഹിച്ചിരുന്നു. അതോടൊപ്പം അത് പ്രേക്ഷകരെ ആസ്വദിപ്പിക്കണമെന്നും. നിലവിലെ സാമൂഹിക സാഹചര്യത്തിൽ ഈ വിഷയം എന്തുകൊണ്ടും മികച്ചതായിരിക്കുമെന്ന് എനിക്ക് തോന്നി. ഒരുപാട് സ്ത്രീകൾക്ക് ഇത് തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ആ രീതിയിൽ ഇത് മനുഷ്യരുടെ ഉള്ളിലേക്ക് കടന്നു ചെല്ലും എന്നായിരുന്നു വിശ്വാസം.
സ്ത്രീകൾക്ക് അവരുടെ അവകാശങ്ങളെ പറ്റി അവബോധമുണ്ടാക്കണം എന്ന ആഗ്രഹം എന്റെ ചുറ്റുപാടുകളിൽ കണ്ടിട്ടുള്ള പല സംഭവങ്ങളിൽ നിന്നും എനിക്ക് തോന്നിയിട്ടുണ്ട്. അവർക്ക് തിരിച്ചറിവുണ്ടാക്കുന്ന ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെയുള്ള സിനിമകൾ ഇനിയും സംഭവിക്കണം എന്ന് ആഗ്രഹിക്കുന്നു. ◼️