പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍. ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇന്ന് രാവിലെ ദേവസ്വം ബെഞ്ചില്‍ ആദ്യ കേസായി ശബരിമല സ്വര്‍ണക്കൊള്ള കേസ് പരിഗണിക്കും.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്.
ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും രണ്ട് കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഒന്നാം പ്രതി. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ഒന്‍പത് പേരെയാണ് പ്രതിചേര്‍ത്തത്.
കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തില്‍ എട്ട് പേരാണ് പ്രതികള്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് കല്‍പേഷ്, 2019 ലെ ദേവസ്വം കമ്മീഷണര്‍, എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതി എന്നിങ്ങനെയായിരുന്നു പ്രതികള്‍. കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.
SUMMARY: Sabarimala gold loot: High Court proceedings now in closed courtroom