തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ 9.10ന് രാജ് ഭവനില്‍ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി ഹെലികോപ്ടറിലാണ് ശബരിമലയിലേക്ക് പോകുക. മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് രാഷ്ട്രപതിയുടെ ശബരിമല യാത്രയിലെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും ഹെലികോപ്ടര്‍ ഇറങ്ങുക. നേരത്തെ നിലയ്ക്കലില്‍ ഹെലികോപ്ടര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. രാവിലെ പ്രമാടത്ത് ഇറങ്ങി റോഡ് മാര്‍ഗമായിരിക്കും പമ്പയിലേക്ക് പോവുക.പമ്പയില്‍ നിന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്ത് എത്തും. പതിനെട്ടാം പടിക്കുമുന്നില്‍ മന്ത്രി വി.എന്‍. വാസവനും ദേവസ്വം ബോര്‍ഡ് ഭാരവാഹികളും ചേര്‍ന്ന് പൂര്‍ണകുംഭം നല്‍കി രാഷ്ട്രപതിയെ ഔദ്യോഗികമായി സ്വീകരിക്കും. തുടര്‍ന്ന് പതിനെട്ടാംപടി കയറും.
12.10ന് അയ്യപ്പദര്‍ശനം. ഉച്ചപൂജയും തൊഴുതശേഷം ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്തെത്തും. പിന്നാലെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
SUMMARY: President at Sannidhanam today, arrangements changed; restrictions on darshan at Sabarimala