പത്തനംതിട്ട: ശബരിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്ടർ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. ഇതോടെ പോലീസും അഗ്നിരക്ഷാ സേനയുമെത്തി ഹെലികോപ്ടർ തള്ളി മാറ്റി. ഇന്ന് രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത്.
രാഷ്ട്രപതി എത്തുന്ന ഹെലികോപ്ടർ നിലയ്ക്കലില്‍ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് പിന്നീട് പ്രമാടത്തേയ്ക്ക് മാറ്റുകയായിരുന്നു. അതേസമയം 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നല്‍കി സ്വീകരിക്കും. ദർശനത്തിനുശേഷം ഉച്ചയ്ക്ക് 12.20 ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കും.
രാത്രിയോടെ ഹെലികോപ്റ്റർ മാർഗം തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നല്‍കുന്ന അത്താഴ വിരുന്നില്‍ രാഷ്ട്രപതി പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയില്‍ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
SUMMARY: The President’s helicopter got stuck in concrete