ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികർ കൊല്ലപ്പെട്ടതായും പാക്ക് സൈന്യം അറിയിച്ചു. കുർറാം ജില്ലയിലെ ഘാക്കിക്കും വടക്കൻ വസീറിസ്ഥാൻ ജില്ലയിലെ സ്പിൻവാമിനും സമീപമാണ് നുഴഞ്ഞുകയറ്റ ശ്രമം റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച രാത്രി വടക്കൻ വസീറിസ്ഥാൻ, കുർറാം ജില്ലകളിൽ നടത്തിയ രണ്ട് ഓപ്പറേഷനുകളിലുമായി സുരക്ഷാ സേന വൻതോതിലുള്ള ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.
സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇസ്താംബുളിൽ സമാധാന ചർച്ച നടക്കുന്നതിനിടെയാണ് വീണ്ടും എറ്റുമുട്ടൽ. പാക്കിസ്ഥാൻ ഒക്ടോബർ 11ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യോമാക്രമണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിന്റെ തീവ്രത വർധിച്ചത്. തങ്ങളുടെ മണ്ണിൽ ഭീകരവാദം നടത്തുന്ന പാക് താലിബാനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നായിരുന്നു പാക് വാദം. എന്നാൽ, ഇതിന് കനത്ത തിരിച്ചടിയാണ് അഫ്ഗാൻ നൽകിയത്. ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായ സംഘർഷത്തിനൊടുവിലാണ് അഫ്ഗാനും പാക്കിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചയ്ക്ക് ഒരുങ്ങിയത്.
SUMMARY: Another clash on Pak-Afghan border: 5 soldiers killed














