ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും അലവൻസുകളും പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നല്‍കി. ഏകദേശം 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69 ലക്ഷത്തോളം പെൻഷൻകാർക്കും ഈ തീരുമാനം പ്രയോജനകരമാകും.
മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി ആയിരിക്കും കമ്മീഷന്റെ അധ്യക്ഷ. പ്രൊഫസർ പുലക് ഘോഷ് അംഗമായും പങ്കജ് ജെയിൻ മെമ്പർ സെക്രട്ടറിയായും കമ്മീഷനില്‍ പ്രവർത്തിക്കും. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അറിയിച്ചത്. വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാന സർക്കാരുകള്‍, ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറിയുടെ സ്റ്റാഫ് സൈഡ് എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് പരിഗണനാ വിഷയങ്ങള്‍ അന്തിമമാക്കിയത്.
എട്ടാം ശമ്പള കമ്മീഷൻ 18 മാസത്തിനുള്ളില്‍ ശുപാർശകള്‍ സമർപ്പിക്കുമെന്നും അത് 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും ഏകദേശം 69 ലക്ഷം പെൻഷൻകാരുടെ അലവൻസുകളും പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് ജനുവരിയില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
SUMMARY: Eighth Pay Commission: Union Cabinet approves issues for consideration














